എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മലയാളി സോഫ്റ്റ്വെയർ ജീവനക്കാരൻ അറസ്റ്റിലായി. നവംബർ 28 വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പരാതിയെ തുടർന്ന് നവംബർ 30 ഞായറാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ദുബായിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ എയർലൈനിൻ്റെ കാബിൻ ക്രൂ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പരാതി പ്രകാരം, എക്കണോമി ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന പ്രതി യാത്രയ്ക്കിടെ മദ്യം കഴിച്ചിരുന്നു. വിമാന ജീവനക്കാരി ഭക്ഷണം നൽകുന്നതിനിടെ ഇയാൾ അശ്ലീല പരാമർശങ്ങൾ നടത്തുകയും കൈകളിലും അരക്കെട്ടിലും അനുചിതമായി സ്‌പർശിക്കുകയും ചെയ്തു. ഇതോടെ എയർഹോസ്റ്റസ് ക്യാപ്റ്റനെ വിവരം അറിയിച്ചു.
യാത്രക്കാരന്റെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ, വിമാനം നിലത്തിറങ്ങുന്നത് വരെ ഇയാളെ നിരീക്ഷണത്തിൽ വെച്ചു. തുടർന്ന് ഗ്രൗണ്ട് സ്റ്റാഫിനെ വിവരമറിയിക്കുകയും അധികൃതർക്ക് കൈമാറുകയും ചെയ്തു.
