250 രൂപയ്ക്ക് ‘5 സ്റ്റാർ’ ഭക്ഷണം: സർക്കാർ യൂണിവേഴ്സിറ്റി കന്റീനിലെ വിശേഷങ്ങളുമായി ഇന്ത്യൻ വിദ്യാർഥിനി

0
121

ബെയ്ജിങ്: ചൈനീസ് ഭക്ഷണത്തെക്കുറിച്ചുള്ള പരമ്പരാഗതമായ തെറ്റിദ്ധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ട്, ഒരു ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിനി പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.

ചൈനയിലെ യൂണിവേഴ്സിറ്റി കന്റീനുകളിൽ താങ്ങാവുന്ന വിലയിൽ, വൈവിധ്യമാർന്ന, മികച്ച നിലവാരമുള്ള ഭക്ഷണം ലഭ്യമാണെന്ന് തെളിയിക്കുന്നതാണ് ഈ വിഡിയോ. ചൈനീസ് ഗവൺമെന്റ് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിനിയായ കോമൾ നിഗം ആണ് തന്റെ യൂണിവേഴ്സിറ്റി കന്റീനിലെ ഭക്ഷണക്രമം പരിചയപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

‘ചൈനീസ് പാചകരീതിയിൽ പ്രധാനമായും പ്രാണികൾ ഉൾപ്പെടുന്നുവെന്ന പൊതുധാരണയുണ്ട്, എന്നാൽ യാഥാർഥ്യം തികച്ചും വ്യത്യസ്തമാണ്,’ കോമൾ വിഡിയോയിൽ പറയുന്നു. കോമൾ തന്റെ മൂന്ന് നിലകളുള്ള യൂണിവേഴ്സിറ്റി കന്റീനിലെ, ഓരോ നിലയിലും വിളമ്പുന്ന വിഭവങ്ങളെക്കുറിച്ച് കോമൾ വിശദീകരിക്കുന്നു. ഈ വിഭവങ്ങൾ ഏത് ‘5-സ്റ്റാർ മെനുവിലും’ ഉൾപ്പെടുത്താൻ തക്ക രുചികരമാണെന്നും കോമൾ പറയുന്നു. താൻ കഴിച്ച വിവിധയിനം ഭക്ഷണസാധനങ്ങൾ വെറും 250 രൂപയ്ക്ക് ലഭിച്ചു എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ, വിദ്യാർഥികൾക്ക് ചായയും മറ്റ് ചില പാനീയങ്ങളും കന്റീനിൽ നിന്ന് സൗജന്യമായി ലഭിക്കുമെന്നും കോമൾ കൂട്ടിച്ചേർത്തു. 

വിഡിയോ പെട്ടന്നാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയത്. ചിലർ കോമൾ നിഗത്തിന് പൂർണ പിന്തുണ നൽകി രംഗത്തെത്തിയപ്പോൾ, മറ്റുചിലർ തങ്ങൾക്ക് ചൈനയിൽനിന്നുണ്ടായ വ്യത്യസ്തമായ അനുഭവങ്ങൾ പങ്കുവച്ചു.’ഇത് മുഴുവൻ സത്യമാണെന്ന് ഞാൻ കരുതുന്നില്ല. ഞാൻ ബിസിനസുമായി ബന്ധപ്പെട്ട് ചൈനയിൽ ആയിരുന്നപ്പോൾ, ഞാൻ പഴങ്ങൾ മാത്രമേ കഴിച്ചിരുന്നുള്ളൂ. ബെയ്ജിങ്ങിലെ ഒരു ഇന്ത്യൻ റസ്റ്ററന്റില്ഡ നിന്നും ഭക്ഷണം കഴിച്ചിരുന്നു. എന്നാൽ എല്ലാത്തിനും പ്രത്യേക തരത്തിലെ ഒരു മണം ഉണ്ടായിരുന്നു. അത് ഏറ്റവും മോശം അനുഭവമായിരുന്നു,’ എന്ന് ഒരാൾ കമന്റ് ചെയ്തു. മറ്റ് ചില‍ർ എങ്ങനെയാണ് ഇത്രയും കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിച്ചതിൽ അദ്ഭുതം പ്രകടിപ്പിച്ചു.