ബെംഗളൂരു: ഒരു വർഷം കൂടി മുഖ്യമന്ത്രിയായി തുടരാനും 2027ൽ സ്ഥാനം ഒഴിയാനുമുള്ള ഫോർമുല ഡി കെ ശിവകുമാറിന് മുന്നിൽ സിദ്ധരാമയ്യ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പദവിയിൽ എട്ട് വർഷമെന്ന റെക്കോർഡ് പൂർത്തീകരിക്കാൻ അനുവദിക്കണമെന്നും സിദ്ധരാമയ്യ ഡി കെ ശിവകുമാറിനോട് ആവശ്യപ്പെടും.
2028ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കാമെന്ന വാഗ്ദാനവും സിദ്ധരാമയ്യ മുന്നോട്ട് വയ്ക്കും. ഡി കെ ശിവകുമാറിന് ഇപ്പോഴുണ്ടായിരിക്കുന്ന അസംതൃപ്തി പരിഹരിക്കാൻ ഡി കെ പക്ഷത്തെ കൂടുതൽ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം കൊടുക്കാനും സിദ്ധരാമയ്യ തയ്യാറാകുമെന്നാണ് റിപ്പോർട്ട്.
ഹൈക്കമാൻഡിൻ്റെ നിർദ്ദേശാനുസരണം ഇന്ന് രാവിലെ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും കൂടിക്കാഴ്ച നടത്തും. പ്രഭാതഭക്ഷണയോഗത്തിനായി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് എത്തും. ‘ഹൈക്കമാൻഡ് ഡി കെ ശിവകുമാറിനെ വിളിച്ചിരുന്നു. അവർ എന്നെയും ബന്ധപ്പെട്ടിരുന്നു.
ഇരുവരോടും നേരിട്ട് സംസാരിക്കാനാണ് പറഞ്ഞത്. അതിനാലാണ് ഞാൻ അദ്ദേഹത്തെ പ്രാതലിന് ക്ഷണിച്ചിരിക്കുന്നത്. ഞങ്ങൾ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും’ എന്നായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ചുള്ള സിദ്ധരാമയ്യയുടെ പ്രതികരണം.
നേരത്തെ ഇരുനേതാക്കളെയും ഹൈക്കമാൻഡ് ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 28ന് വൈകുന്നേരം ഡി കെ ശിവകുമാർ ഡൽഹിയിലേയ്ക്ക് തിരിക്കുമെന്നും സോണിയ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നുമായിരുന്നു റിപ്പോർട്ട്.
എന്നാൽ ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തി വിഷയം സംസ്ഥാനത്ത് തന്നെ പരിഹരിക്കാനും ഹൈക്കമാൻഡ് നിർദ്ദേശിക്കുകയായിരുന്നു. കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും വിളിച്ച് സമവായം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിന് ഭരണമുള്ള സംസ്ഥാനത്ത് നേതാക്കളുടെ അഭിപ്രായ ഭിന്നതമൂലം തിരിച്ചടിയുണ്ടാകരുതെന്ന രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജുന ഖർഗെയെയും നിലപാട് നേതാക്കൾ ഇരുവരെയും അറിയിച്ചതായാണ് റിപ്പോർട്ട്.
നേരത്തെ ഡിസംബർ എട്ടിന് കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കുമ്പോഴേക്കും സിദ്ധരാമയ്യ-ഡികെഎസ് തർക്കം എന്നെന്നേക്കുമായി പരിഹരിക്കണമെന്ന് ഖാർഗെ രാഹുൽ ഗാന്ധിയോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രധാനപ്പെട്ട രണ്ട് നേതാക്കൾ ഭിന്നിച്ച് നിൽക്കുന്ന സാഹചര്യം നിയമസഭാ സമ്മേളനത്തിൽ ഗുണം ചെയ്യില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. നേരത്തെ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുകയാണെങ്കിൽ പുറമെ നിന്ന് പിന്തുണയ്ക്കാമെന്ന മുതിർന്ന ബിജെപി നേതാവ് സദാനന്ദ ഗൗഡയുടെ പ്രഖ്യാപിച്ചതും അപകട സൂചനയായാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്.





