ജൊഹാന്നസ്ബർഗിൽ തിളങ്ങി മലയാളികളുടെ തിരുവാതിര; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
124

ജൊഹാന്നസ്ബർഗ്: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്, നവംബർ 21ന് സാൻടൺ സണ്ണിൽ ഇന്ത്യൻ കോൺസുലേറ്റ് നൽകിയ സ്വീകരണച്ചടങ്ങിൽ ജൊഹാന്നസ്ബർഗ് മലയാളി അസോസിയേഷൻ അവതരിപ്പിച്ച തിരുവാതിര ശ്രദ്ധാകേന്ദ്രമായി. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹങ്ങൾ തങ്ങളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ആഘോഷിച്ച ചടങ്ങായിരുന്നു ഇത്.

നയതന്ത്ര പരിപാരിക്ക് മാറ്റു കൂട്ടാൻ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ഒൻപത് സാംസ്കാരിക സംഘങ്ങളാണ് കലാപരിപാടികൾ അവതരിപ്പിച്ചത്. ഇവയിൽ ഏറ്റവും കൂടുതൽ പ്രശംസ നേടിയത് മലയാളി അസോസിയേഷന്റെ തിരുവാതിരക്കളി ആയിരുന്നു.

അടുത്തിടെ നടന്ന ഓണാഘോഷ വേളയിൽ മലയാളി അസോസിയേഷന്റെ തിരുവാതിര പ്രകടനം ശ്രദ്ധിച്ച ഇന്ത്യൻ കോൺസുലേറ്റ്, ഇവരെ പ്രധാനമന്ത്രിയുടെ സ്വീകരണ പരിപാടിയിലേക്ക് പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു.

സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട്, തിരുവാതിരയുടെ വൃത്തചലനങ്ങളുടെയും താളഭംഗിയുടെയും തനിമ നഷ്ടപ്പെടാതെ അവതരിപ്പിക്കുക എന്ന വെല്ലുവിളി സംഘം ഭംഗിയായി പൂർത്തിയാക്കി. വേദിയിലേക്കുള്ള പ്രവേശനവും തിരികെ പോക്കുമെല്ലാം പരമ്പരാഗത ചുവടുകളോട് ചേർത്തൊരുക്കിയ പുതുമയാർന്ന രീതിയിലാണ് നർത്തകിമാർ അവതരിപ്പിച്ചത്. ഇത് പ്രേക്ഷക പ്രശംസ നേടി.

കേരള സെറ്റ് സാരിയും ചന്ദനനിറത്തിലുള്ള ബ്ലൗസും അണിഞ്ഞ്, ഇളക്കത്താലി, കാശുമാല, ജിമിക്കി തുടങ്ങിയ പരമ്പരാഗത ആഭരണങ്ങൾ ധരിച്ചെത്തിയ നർത്തകിമാർ, ‘ദൈവത്തിന്റെ സ്വന്തം നാടായ’ കേരളത്തിന്റെ സൗന്ദര്യം വേദിയിൽ പകർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവാതിര ആസ്വദിക്കുകയും സംഘാംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യയുടെ വിവിധ സംസ്കാരങ്ങൾ നിലനിർത്തുന്നതിൽ മലയാളി സമൂഹത്തിന്റെ പങ്ക് ഈ പ്രകടനം അടിവരയിട്ടു.

 അനിഷ ചന്ദ്രൻ ടി.കെ (വൈഷ്ണവം, ചേലന്നൂർ) , ലേഖ വി.പി (ചങ്ങയിൽ ഹൗസ്, ശാസ്താംകോട്ട) , ലക്ഷ്മി ദേവി കെ.ആർ (സൗപർണിക, തിരുവനന്തപുരം) , ഡിൻസി പീറ്റർ (തരയനിൽ ഹൗസ്, തൊടുപുഴ) , റെജില ഈപ്പൻ (കല്ലറക്കൽ ഹൗസ്, കുറ്റൂർ, തിരുവല്ല) , അമൃത നവീൻ (താമരശ്ശേരി മഠം, എറണാകുളം) എന്നിവരാണ് തിരുവാതിരയിൽ പങ്കെടുത്തത്.