അഗ്നിപർവത സ്‌ഫോടനം: സഊദി അറേബ്യയുടെ അന്തരീക്ഷത്തിന് നേരിട്ട് ഭീഷണിയല്ല

0
139

റിയാദ്: ഇത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപർവത സ്‌ഫോടനം സൗദി അറേബ്യയുടെ അന്തരീക്ഷത്തിന് നേരിട്ട് ഭീഷണിയല്ലെന്ന് നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻ‌സി‌എം) സ്ഥിരീകരിച്ചതായി സൗദി സർക്കാർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സൗദി അറേബ്യയിലുടനീളമുള്ള വായുവിന്റെ ഗുണനിലവാരവും കാലാവസ്ഥയും അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, തുടർച്ചയായ നിരീക്ഷണങ്ങൾ രാജ്യത്തേക്ക് ചാരം ഒഴുകുന്നില്ലെന്ന് കേന്ദ്രം ഊന്നിപ്പറഞ്ഞു.

നൂതന ദേശീയ സങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് മേഘങ്ങളുടെ ചലനവും കാലാവസ്ഥാ രീതികളും 24 മണിക്കൂറും കേന്ദ്രം നിരീക്ഷിക്കുന്നുണ്ടെന്ന് നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻ‌സി‌എം) വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. “നിലവിലെ സൂചകങ്ങൾ രാജ്യത്തിന്റെ അന്തരീക്ഷത്തിലേക്ക് അഗ്നിപർവത ചാരത്തിന്റെ പാത കാണിക്കുന്നില്ല. കാലാവസ്ഥാ സാഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നതായും കൂട്ടിച്ചേർത്തു.

പ്രതികൂലമായ കാലാവസ്ഥ ഉണ്ടായാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആവശ്യാനുസരണം കേന്ദ്രം മുന്നറിയിപ്പുകളോ അപ്‌ഡേറ്റുകളോ നൽകുന്നത് തുടരുമെന്നും അൽ ഖഹ്താനി സ്ഥിരീകരിച്ചു. ഇത്യോപ്യയിലെ അഫാർ മേഖലയിലെ വളരെക്കാലമായി സജീവമല്ലായിരുന്ന ഹയ്‌ലി ഗുബ്ബി അഗ്നിപർവതം ഞായറാഴ്ച രാവിലെയാണ് പൊട്ടിത്തെറിച്ചത്.

ഇതിനെ തുടർന്ന് ചെങ്കടലിന് കുറുകെയെത്തിയ അഗ്നിപർവത ചാരം സൗദിയുടെ അയൽ രാജ്യങ്ങളായ യെമനിലെയും ഒമാനിലും അതിർത്തിയിലെ സമീപഗ്രാമത്തിൽ  പടർന്ന പശ്ചാത്തലത്തിലാണ് എൻസിഎം സൗദി അന്തരീക്ഷത്തെകുറിച്ച് വ്യക്തമാക്കിയത്.