ഇത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം: അഗ്നിപർവതചാരം ഇന്ത്യയിലേക്ക്; വ്യോമഗതാഗതം ആശങ്കയിൽ

0
174

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതു മൂലമുണ്ടായ ചാരവും പൊടിപടലങ്ങളും ഉത്തരേന്ത്യൻ ആകാശത്ത് പടരുന്നത് വ്യോമഗതാഗതത്തിന് ആശങ്ക സൃഷ്ടിക്കുന്നു. ഇന്നലെ കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു.

യാത്രക്കാർക്ക് കണ്ണൂരിലേക്ക് തിരികെപ്പോകാനുള്ള സൗകര്യം ഒരുക്കിയെന്നും ഇൻഡിഗോ അറിയിച്ചു. വൈകിട്ട് 6.25ന് ജിദ്ദയിൽ നിന്ന് കൊച്ചിയിലെത്തേണ്ട ആകാശ എയർ വിമാനം, 6.30ന് കൊച്ചിയിലെത്തേണ്ട ഇൻഡിഗോയുടെ ദുബായ് വിമാനം എന്നിവ റദ്ദാക്കി.

ഇന്നലെ രാത്രി എട്ടോടെ രാജസ്ഥാനു മുകളിൽ ചാരമേഘങ്ങൾ എത്തി. ഏകദേശം 25,000 മുതൽ 45,000 അടി ഉയരത്തിലാണ് ഇത്. ഹരിയാന, ഡൽഹി, യുപി, പഞ്ചാബ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചേക്കാം. മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്ററാണു ചാരമേഘത്തിന്റെ വേഗം.