സ്ത്രീകളില്‍ മുലപ്പാലില്‍ യുറേനിയം; കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

0
82

പട്‌ന: മുലപ്പാലില്‍ യുറേനിയത്തിന്റെ അളവ് വര്‍ധിക്കുന്നതായി പഠനം. ബിഹാറിലെ വിവിധ ജില്ലകളിലെ സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ദോശകരമായി ബാധിക്കുമെന്ന ആശങ്കയും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മുലപ്പാലിലൂടെ യുറേനിയം ശരീരത്തിലെത്തുന്നത് കുഞ്ഞുങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഒന്നിലധികം സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍. ഡല്‍ഹി എയിംസിലെ ഡോ. അശോക് ശര്‍മയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

ബിഹാറിലെ 40 അമ്മമാരില്‍ നടത്തിയ പഠനത്തില്‍ എല്ലാ സാമ്പിളിലും മുലപ്പാലില്‍ യുറേനിയത്തിന്റെ അംശം കണ്ടെത്തിയതായി ഡോ. അശോക് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 70 ശതമാനം ശിശുക്കൡും കാന്‍സര്‍ ഇതര ആരോഗ്യ അപകട സാധ്യതകള്‍ കാണിച്ചിട്ടുണ്ടെങ്കിലും മൊത്തത്തിലുള്ള യുറേനിയത്തിന്റെ അളവ് അനുവദനീയമായ പരിധിക്ക് താഴെയായിരുന്നു.

അമ്മമാര്‍ക്കും ശിശുക്കള്‍ക്കും വളരെ കുറഞ്ഞ ആരോഗ്യ പ്രത്യാഘാതങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും ഉയര്‍ന്ന ശരാശരി മലിനീകരണം രേഖപ്പെടുത്തിയത് ഖഗാരിയ ജില്ലയിലാണ്. ഏറ്റവും ഉയര്‍ന്ന ഒറ്റപ്പെട്ട മൂല്യം രേഖപ്പെടുത്തിയത് കതിഹാര്‍ ജില്ലയിലാണ്.

നാഡീവ്യവസ്ഥയുടെ വികാസത്തിലെ തകരാറുകള്‍, കുറഞ്ഞ ഐക്യു തുടങ്ങിയ അപകട സാധ്യതകള്‍ക്ക് യുറേനിയം അമിതമായ അളവില്‍ ശരീരത്തിലെത്തുന്നത് കാരണമാകും. എങ്കിലും മുലയൂട്ടല്‍ നിര്‍ത്തരുതെന്നും ഗവേഷകര്‍ നിര്‍ദേശിച്ചു. രോഗപ്രതിരോധ ശേഷിക്കും കുഞ്ഞിന്റെ ആദ്യകാല വികാസത്തിനും മുലപ്പാല്‍ നിര്‍ണായകമാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ മുലയൂട്ടല്‍ നിര്‍ത്താന്‍ പാടുള്ളൂ.

മുലപ്പാലിലെ (0-5.25 ug/L) യുറേനിയം സാന്ദ്രതയെ അടിസ്ഥാനമാക്കി, ശിശു ആരോഗ്യത്തില്‍ യഥാര്‍ത്ഥ ആഘാതം കുറവാണെന്ന് പഠനം ഇപ്പോഴും നിഗമനം ചെയ്യുന്നു, കൂടാതെ അമ്മമാര്‍ ആഗിരണം ചെയ്യുന്ന മിക്ക യുറേനിയവും മുലപ്പാലില്‍ കേന്ദ്രീകരിച്ചിട്ടില്ല, പ്രധാനമായും മൂത്രത്തിലൂടെയാണ് പുറന്തള്ളപ്പെടുന്നത്. അതിനാല്‍, മുലയൂട്ടല്‍ തുടരാമെന്നാണ് വിലയിരുത്തല്‍.

ഗ്രാനൈറ്റുകളിലും മറ്റ് പാറകളിലും കാണപ്പെടുന്ന ഒരു റേഡിയോ ആക്ടീവ് മൂലകമാണ് യുറേനിയം. ഖനനം, കല്‍ക്കരി കത്തിക്കല്‍, ന്യൂക്ലിയര്‍ വ്യവസായങ്ങളില്‍ നിന്നുള്ള പുറന്തള്ളലുകള്‍, ഫോസ്‌ഫേറ്റ് വളങ്ങളുടെ ഉപയോഗം എന്നിവയിലൂടെയും ഭൂഗര്‍ഭജലത്തിലൂടെയും ഇത് ശരീരത്തില്‍ കലരാം.

പഠനമനുസരിച്ച്, ഈ മലിനീകരണം കുടിവെള്ള സ്രോതസ്സുകളില്‍ നിന്നോ, അവിടെ വളര്‍ത്തുന്ന ഭക്ഷണ വിളകളില്‍ നിന്നോ ആകാനാണ് സാധ്യത. മറ്റ് സംസ്ഥാനങ്ങളിലും ഘനലോഹങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് അറിയാന്‍ ഇത്തരം പഠനങ്ങള്‍ നടത്തുമെന്ന് ഡോ. അശോക് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ ഘനലോഹങ്ങളും മനുഷ്യന്റെ ആരോഗ്യത്തിലുണ്ടാകുന്ന അവയുടെ സ്വാധീനവും പരിശോധിക്കുന്ന പ്രക്രിയ തുടരുമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.