രൂപയ്ക്ക് റെക്കോർഡ് തകർച്ച; ഡോളർ ഷോക്കിൽ 89.48ലേക്ക് ഇടിഞ്ഞു

0
201

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിലേക്ക് ഇടിഞ്ഞു. ഇന്ന് വ്യാപാരത്തിനിടെ ഒരുഘട്ടത്തിൽ രൂപ 89.48 വരെയെത്തി. സെപ്റ്റംബർ അവസാനം കുറിച്ച 88.80 എന്ന റെക്കോർഡ് പഴങ്കഥയായി. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാൽ ഡോളർ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. 

യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ 98ൽ ആയിരുന്നത് ഇപ്പോൾ 100ന് മുകളിലെത്തി. യുഎസിൽ തൊഴിൽ വിപണി വീണ്ടും ഉഷാറായ പശ്ചാത്തലത്തിലാണ് പലിശയിളവിനുള്ള സാധ്യത കുറഞ്ഞത്. കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവ് ഡിസംബറിലെ പണനയ നിർണയ യോഗത്തിൽ പലിശനിരക്ക് കുറയ്ക്കാൻ സാധ്യത ഇല്ല.

ഇന്ത്യൻ ഓഹരി വിപണികൾ നേരിട്ട തളർച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വൻതോതിൽ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ൽ ഇതുവരെ ഇന്ത്യൻ ഓഹരികളിൽ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വൈകാതെ യാഥാർഥ്യമാകുമെന്ന് പറയുന്നുണ്ടെങ്കിലും അനിശ്ചിതത്വം വിട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മർദമായി.

യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മൂല്യം ഇടിയാനുള്ളൊരു കാരണമാണ്. ഇന്ത്യയുടെ വിദേശ നാണയ ശേഖരം (ഫോറക്സ് റിസർവ്) നവംബർ 7ന് സമാപിച്ച ആഴ്ചയിൽ 2.7 ബില്യൻ ഡോളർ ഇടിഞ്ഞ് 687.03 ബില്യൻ ഡോളറിൽ എത്തിയിരുന്നു.