ജുബൈൽ: യുവ ഫുട്ബോൾ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും അച്ചടക്കമുള്ള കായിക സംസ്കാരം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ജുബൈൽ എഫ്.സി. സോക്കർ അക്കാദമിയുടെ പ്രതിമാസ പെർഫോമൻസ് ഇവാല്യൂഷൻ പ്രോഗ്രാമീന് തുടക്കമായി. ഫിഫ അരീന സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് കിംസ്ഹെൽത്ത് മെഡിക്കൽ സെൻ്റർ സി.ഒ.ഒ. സാധിക അലി ഉദ്ഘാടനം ചെയ്തു. കിംസ്ഹെൽത്ത് മാർക്കറ്റിംഗ് മാനേജർ സജീർ , ഷാനവാസ്, ആഷിഖ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പരിപാടിയുടെ ഭാഗമായി കിംസ്ഹെൽത്ത് മെഡിക്കൽ സെൻ്ററിലെ സൈക്കോളജി സ്പെഷ്യലിസ്റ്റ് ജോയ്സി ജോൺസൺ പ്രത്യേക കൗൺസിലിംഗ് സെഷൻ നയിച്ചു. “സന്തോഷകരമായ ആശയവിനിമയത്തിൻ്റെ ശക്തി: വിജയാന്തരീക്ഷം സൃഷ്ടിക്കൽ” എന്ന വിഷയത്തിൽ യുവ അത്‌ലറ്റുകളുടെ ആത്മവിശ്വാസം രൂപപ്പെടുത്തുന്നതിനും പ്രകടനം മെച്ചപ്പെടുത്തുന്നതിനും പോസിറ്റീവായ ഇടപെടലിൻ്റെയും മാനസികാരോഗ്യത്തിൻ്റെയും പിന്തുണ നൽകുന്ന ആശയവിനിമയത്തിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.
പ്രതിമാസ പെർഫോമൻസ് ഇവാല്യൂഷൻ പ്രോഗ്രാം ഇനിമുതൽ എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ചത്തെയും ശനിയാഴ്ചത്തെയും പരിശീലന ബാച്ചുകളെ സംയോജിപ്പിച്ചാണ് പ്രോഗ്രാം നടത്തുക. താരങ്ങൾക്ക് കൂടുതൽ മത്സരക്ഷമതയും ആകർഷകവുമായ മാച്ച് ഡേ അന്തരീക്ഷം ഉറപ്പാക്കാൻ വേണ്ടിയാണിതെന്ന് അക്കാദമി അറിയിച്ചു.
പരിപാടി അക്കാദമി ഡയറക്ടർ ഇല്യാസ്, അക്കാദമി മാനേജർ അജിൻ, പ്രസിഡൻ്റ് അശ്വിൻ, സെക്രട്ടറി ഷാഫി, ജോയിന്റ് സെക്രട്ടറി ഷജീർ, ഹെഡ് കോച്ച്മാരായ ആഷിഖ്, അൻഫാർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. കുട്ടികളുടെ സമഗ്ര വളർച്ചക്കും പ്രൊഫഷണൽ ട്രെയിനിങ്ങിനുമുള്ള അക്കാദമിയുടെ പ്രതിബദ്ധതയ്ക്ക് മാതാപിതാക്കളും വിദ്യാർത്ഥികളും മികച്ച സ്വീകാര്യതയും അഭിനന്ദനവും അറിയിച്ചു.





