അറിവിന്റെ വികാസവും പ്രസരണവും സമൂഹത്തിന്റെ നിലനില്പിനു അനിവാര്യം: ഡോ. ബഹാഉദ്ദീൻ നദ്‌വി

ജിദ്ദ: അറിവിന്റെ വികാസവും പ്രസരണവും യഥാവിധി നടക്കാതെ ഒരു സമൂഹത്തിനും അഭിമാനകരമായ നിലനിൽപ് സാധ്യമല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ചെമ്മാട് ദാറുൽ ഹുദ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലറും, ആഗോള പണ്ഡിത സഭ അംഗവുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി പറഞ്ഞു. ഹ്രസ്വ സന്ദർശനാർത്ഥം സഊദി അറേബ്യയിലെത്തിയ ഡോ. നദ് വിക്കും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദാറുൽ ഹുദ മാനേജിങ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ യു. ഷാഫി ഹാജിക്കും സമസ്ത ഇസ്‍ലാമിക് സെന്റർ (എസ്.ഐ.സി) ജിദ്ദ സെൻട്രൽ കമ്മിറ്റിയും ദാറുൽ ഹുദ ജിദ്ദ കമ്മിറ്റിയും സംയുക്തമായി നൽകിയ സ്വീകരണ യോഗത്തിൽ അനുഗ്രഹ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അറിവാണ് ഇസ്ലാമിന്റെ ജീവവായു. അതിനാൽ തന്നെ അറിവിനാൽ സമ്പന്നമാകാതെ ഒരു സമൂഹത്തിനും സമുദ്ധാരണം സാധ്യമല്ല. കേരളത്തിൽ അനേകം സ്ഥാപനങ്ങൾ ഈ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ ദൗത്യം കേരളത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല എന്ന വിശാല ചിന്തയിൽ നിന്നാണ് ദാറുൽ ഹുദ രൂപം കൊണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. മത വിദ്യയോടൊപ്പം ഭൗതിക വിദ്യയും ഭാഷ നൈപുണ്യവും സമന്വയിച്ച ഭാവി പണ്ഡിതരെ വാർത്തെടുക്കുകയാണ് ദാറുൽ ഹുദ ആത്യന്തികമായി ചെയ്തു കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും അന്താരാഷ്ട്ര തലങ്ങളിലും ഈ ലക്ഷ്യ സാക്ഷാത്കാരത്തിനായുള്ള ദാറുൽ ഹുദായുടെ മുന്നേറ്റം വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു. എന്നാൽ ദാറുൽ ഹുദായുടെ ശിൽപ്പികളായ മഹാത്മാക്കളെുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ഈ വഴിയേ പ്രാർത്ഥനാപൂർവ്വം ഇനിയും ഒരുപാട് ദൂരം മുന്നോട്ട് സഞ്ചരിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളീയ മുസ്‌ലിംകളുടെ വിശ്വാസ – ആചാര സംരക്ഷണത്തിന് എന്നും അനുഗ്രഹീത നേതൃത്വമുണ്ടായിട്ടുണ്ടെന്നും കഴിഞ്ഞ ഒരു നൂറ്റാണ്ടായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ് ആ ധർമ്മം നിർവ്വഹിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന സമസ്തയുടെ നൂറാം വാർഷിക മഹാ സമ്മേളനത്തിൻ്റെ പ്രചാരകരാകാനും കഴിയുന്നവരെല്ലാം അതിൽ ഭാഗവാക്കാകാനും അദ്ദേഹം പ്രവാസികളോട് അഭ്യർത്ഥിച്ചു.

ദാറുൽ ഹുദ ജനറൽ സെക്രട്ടറി യു. ഷാഫി ഹാജി മുഖ്യ പ്രഭാഷണം നടത്തി. സമസ്തയുടെ അഭിമാന സ്ഥാപനമായ ദാറുൽ ഹുദായുടെ ശിൽപികളെ പ്രാർത്ഥനാപൂർവം സ്മരിച്ച അദ്ദേഹം സ്ഥാപനത്തിൻറെ നിലവിലെ പ്രവർത്തനങ്ങളുടെ വൈപുല്യവും ഇനിയുള്ള അതിന്റെ മഹത്തായ ലക്ഷ്യങ്ങളും ചെയ്തു തീർക്കേണ്ട ദൗത്യങ്ങളും വിശദീകരിച്ചു. കാലം ആവശ്യപ്പെടുന്ന വിദ്യാഭ്യാസ നവോത്ഥാനത്തിന് നേതൃത്വം വഹിക്കുന്ന ദാറുൽ ഹുദായൊടൊപ്പം ചേർന്നുനിൽക്കാനും ആ മഹൽ സ്ഥാപനത്തിൻറെ അഭ്യുദയകാംക്ഷികളാകളായി അതിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരാനും അദ്ദേഹം പ്രവാസി സമൂഹത്തോട് അഭ്യർത്ഥിച്ചു.

എസ്.ഐ.സി ജിദ്ദ ചെയർമാൻ മുസ്തഫ ബാഖവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് എസ്.ഐ.സി നാഷണൽ കമ്മിറ്റി പ്രസിഡൻ്റും ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി ചെയർമാനുമായ സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സാമൂഹിക ജാഗരണ പ്രവർത്തനങ്ങളിൽ ദാറുൽ ഹുദായും ഡോ. ബഹാഉദ്ദീൻ നദ് വിയും വഹിക്കുന്ന പങ്ക് വിശദീകരിച്ച തങ്ങൾ ഈ മുന്നേറ്റങ്ങൾക്ക് കരുത്ത് പകരാൻ എസ്.ഐ.സി എന്നും പ്രതിജ്ഞാബദ്ധമാണെന്ന് നേതാക്കളെ അറിയിച്ചു.

എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, കെ എം സി സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, എസ്.ഐ.സി നാഷണൽ കമ്മിറ്റി ഉപാധ്യക്ഷൻ അബൂബക്കർ ദാരിമി ആലമ്പാടി, കെ.എം.സി.സി സഊദി നാഷണൽ സെക്രട്ടറി നാസർ വെളിയങ്കോട്, എസ്.ഐ.സി ജിദ്ദ വൈസ് പ്രസിഡന്റ് മുജീബ് റഹ്മാനി എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.

ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി ഉപാധ്യക്ഷൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി ആമുഖഭാഷണം നടത്തി. സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി, മുഹമ്മദലി മുസ്‌ലിയാർ കാപ്പ്, കോയമോൻ മൂന്നിയൂർ, ലത്തീഫ് കാപ്പിൽ, ഇസ്മായിൽ മുണ്ടക്കുളം, റഫീഖ് കൂളത്ത്, അബ്ദുൽ ജബ്ബാർ ഹുദവി, അൻവർ ഹുദവി, സുഹൈൽ ഹുദവി, കെ. പി അബ്ദുൽ റഹ്മാൻ ഹാജി കൊണ്ടോട്ടി, ഉണ്ണീൻ ഹാജി തിരൂർക്കാട്, സൈനുൽ ആബിദ് കാരി തുടങ്ങിയവർ സ്വീകരണ യോഗത്തിന് നേതൃത്വം നൽകി. ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി ജനറൽ സെക്രട്ടറി എം.എ. കോയ മൂന്നിയൂർ സ്വാഗതവും എസ് ഐ സി ജിദ്ദ ട്രഷറർ ജാബിർ നാദാപുരം നന്ദിയും പറഞ്ഞു.