കോഴിക്കോട് ലഘു മേഘവിസ്‌ഫോടനം; അര മണിക്കൂറില്‍ പെയ്തത് 5 സെന്റീമീറ്റര്‍ മഴ

0
83

സംസ്ഥാനത്ത് ഇന്നലെ അപ്രതീക്ഷിതമായി പെയ്തത് അതിശക്തമായ മഴ. ഇടിയുടെ അകമ്പടിയോട് കൂടി അര മണിക്കൂറോളം തിമര്‍ത്തു പെയ് മഴ പലയിടങ്ങളിലും വെള്ളക്കെട്ട് സൃഷ്ടിച്ചു കിഴക്കന്‍ മേഖലയിലും മധ്യ,തെക്കന്‍ ജില്ലകളിലും കാറ്റും മഴയു ശക്തമായിരുന്നു.

കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് ഇന്നലെ വൈകിട്ട് ലഘു മേഘവിസ്ഫോടനം ഉണ്ടായി. അര മണിക്കൂറില്‍ 5 സെ.മിറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. ലഘു മേഘവിസ്ഫോടനമായി (Mini cloudburst) ഇത് കണക്കാക്കാം. ഒരു മണിക്കൂറില്‍ ഒരു പ്രദേശത്ത് 5 സെ.മി മഴ ലഭിച്ചാല്‍ ലഘു മേഘവിസ്ഫോടനവും 10 സെ.മി മഴ ലഭിച്ചാല്‍ മേഘവിസ്ഫോടനവുമായാണ് (cloudburst ) കണക്കാക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതേസമയം, ഇന്ന് ആന്‍ഡമാന്‍ കടല്‍, തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അടുത്ത 3 മണിക്കൂറില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപം ന്യൂനമര്‍ദം രൂപപെട്ടിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ കേരള തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.