ന്യൂഡൽഹി: അമേരിക്കയിൽനിന്ന് എൽപിജി ഇറക്കുമതി ചെയ്യുന്നതിനായി കരാറിൽ ഒപ്പുവെച്ച് ഇന്ത്യ. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദിപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. എണ്ണക്കമ്പനികളുമായി ചർച്ചനടത്തിയെന്നും പെട്രോളിയം മന്ത്രി അറിയിച്ചു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
2026-ൽ ഒരു വർഷത്തേക്ക് ഏകദേശം 22 ലക്ഷം ടൺ എൽപിജി അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് വിവരം. രാജ്യത്തെ വാർഷിക എൽപിജി ഇറക്കുമതിയുടെ 10 ശതമാനം വരും ഇത്. യുഎസിന്റെ ഗൾഫ് കോസ്റ്റ് വഴിയായിരിക്കും ഇറക്കുമതി. ഇതു സംബന്ധിച്ച് ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവർ അമേരിക്കൻ എണ്ണക്കമ്പനികളുമായി ചർച്ചനടത്തിയതായാണ് വിവരം. ഇന്ത്യൻ വിപണിയിലേക്കുള്ള യുഎസ് എൽപിജിയുടെ ആദ്യത്തെ കരാറാണിതെന്നും സുപ്രധാന മാറ്റങ്ങൾക്ക് ഇതുവഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.





