കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 3 പ്രതികളെ വെടിവച്ചിട്ട് പോലീസ്

0
17

കോയമ്പത്തൂർ: സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചിരിക്കുകയായിരുന്ന കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പേരെ അറസ്റ്റു ചെയ്തു. തവസി, കാർത്തിക്, കാളീശ്വരൻ എന്നിവരെ ചെറിയ ഏറ്റുമുട്ടലിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ കാലിൽ വെടിയേറ്റു. 

കോയമ്പത്തൂർ നഗരത്തിലാണ് ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയെ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി, ആക്രമിച്ചു പീഡിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 11 മണിയോടെ നടന്ന സംഭവം പുറത്തറിഞ്ഞതു തിങ്കളാഴ്ച പുലർച്ചെയാണ്. 

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായ മധുര സ്വദേശിനിയായ 20 വയസ്സുകാരിയും ഒണ്ടിപുതൂരിൽ മൊബൈൽ ഷോപ്പ് ഉടമയായ 25 വയസ്സുകാരനും രാത്രി കാറിൽ വിമാനത്താവള റൺവേയ്ക്ക് സമീപത്തെ വൃന്ദാവൻ നഗർ കഴിഞ്ഞുള്ള സ്ഥലത്ത് സംസാരിച്ചിരിക്കുമ്പോഴായിരുന്നു സംഭവം. 11 മണിയോടെ മദ്യലഹരിയിലെത്തിയ 3 യുവാക്കൾ ഇരുവരെയും ഭീഷണിപ്പെടുത്തി. കാറിന്റെ ചില്ലുകൾ തകർത്ത് യുവാവിനെ തലയിലും ദേഹത്തുമായി പത്തോളം സ്ഥലങ്ങളിൽ വെട്ടിപ്പരുക്കേൽപിച്ചു. അബോധാവസ്ഥയിലായ യുവാവിനെ ഉപേക്ഷിച്ച ശേഷം കാറിനുള്ളിൽ നിന്നു യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.