സുഡാനിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ഗ്രൂപ്പ് എന്ന സായുധ ഭീകരവാദ സംഘത്തിൻ്റെ കൂട്ടക്കൊല തുടരുന്നതിന് പിന്നാലെ യുഎഇയും ആരോപണ മുനയിൽ. സുഡാനിലെ സ്വർണഖനികളിൽ താല്പര്യമുള്ള യുഎഇയാണ് ആർഎസ്എഫിന് ആയുധങ്ങൾ അടക്കം നൽകി സഹായിക്കുന്നത് എന്നാണ് ആരോപണം. ഇതോടെ യുഎഇ ക്കെതിരെ സോഷ്യൽ മീഡിയയിൽ ബഹിഷ്കരണ ആഹ്വാനവും ശക്തമാകുകയാണ്. എന്നാൽ ഇത്തരം ആരോപണങ്ങളെ യുഎഇ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു.
സുഡാൻ സൈന്യം നിയന്ത്രിക്കുന്ന കിഴക്കൻ പ്രവിശ്യയും വിമത ഭീകരവാദ സേനയായ ആർ.എസ്.എഫ് നിയന്ത്രിക്കുന്ന പടിഞ്ഞാറൻ പ്രവിശ്യയായും സുഡാൻ വിഭജിക്കപ്പെട്ട് കഴിഞ്ഞു. ആഭ്യന്തര കലാപം മൂർധന്യാവസ്ഥയിലെത്തിയതോടെ കൂട്ടക്കൊലകളുടെ ഏറ്റവും ഭീകരമായ അവസ്ഥ നേരിടുകയാണ് സുഡാൻ ഇപ്പോൾ.
എന്തിനാണ് തങ്ങൾ കൊല്ലപ്പെടുന്നത് എന്നോ ആട്ടിയോടിക്കപ്പെടുന്നത് എന്നോ ഇപ്പോഴും മനസ്സിലാകാത്ത ജനതയാണ് സുഡാനിലുള്ളത്. പടിഞ്ഞാറൻ പ്രവിശ്യയിൽ മാത്രം എന്താണ് ആർഎസ്എഫിന് ഇത്ര താല്പര്യം എന്നതും ആ താൽപര്യത്തിനു പിന്നിലെ ബാഹ്യശക്തി ആരാണ് എന്നതും ഇതോടൊപ്പം ചർച്ചയാവുകയാണ്.
സ്വർണ ഖനി നിറഞ്ഞ സുഡാൻ്റെ ദാർഫുർ മേഖലയടക്കം കലാപകാരികളുടെ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞു. അത്യാധുനിക ആയുധങ്ങൾ അടക്കം ഉപയോഗിച്ചുകൊണ്ടാണ് ആർഎസ്എഫ് മേഖല പിടിച്ചടുക്കുന്നത് . ഭീകരവാദ സേനയായ ആർഎസ്എഫിന് എവിടെനിന്നാണ് ഇത്ര വലിയ സഹായം ലഭിക്കുന്നത്? സുഡാനിലെ സ്വർണഖനികളിൽ കണ്ണുവെച്ചുകൊണ്ട് യുഎഇ ആണ് ഇവരെ സഹായിക്കുന്നത് എന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. അതിന് ചില തെളിവുകളും ആരോപണമുന്നയിക്കുന്നവർ നിരത്തുന്നുണ്ട്.
അതിക്രമം നടത്തിയ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയ ബ്രിട്ടീഷ് ആയുധങ്ങൾ യുഎഇ കൈമാറിയതാണെന്നാണ് പ്രധാന ആരോപണം. മിഡിൽ ഈസ്റ്റ് ഐ പുറത്തുവിട്ട റിപ്പോർട്ടിൽ എയർ മിസൈലുകളടക്കമുള്ള വമ്പൻ ആയുധങ്ങൾ യുഎഇ, ആർഎസ് എഫിന് വേണ്ടി സുഡാനിൽ എത്തിക്കുന്നതായി ആരോപിക്കപ്പെട്ടിരുന്നു. ആർഎസ്എഫിന് ചൈനീസ് ഡ്രോണുകൾ കൈമാറിയതും യുഎഇ ആണെന്നാണ് ആരോപണം.
ചൈനീസ് ട്രോളുകളുടെ സഹായത്തോടു കൂടിയാണ് ആർഎസ്എഫ് ആക്രമണം വിപുലീകരിക്കുകയും മേഖലയുടെ അതിവേഗ നിയന്ത്രണം കയ്യടക്കുകയും ചെയ്തത്. റഷ്യയും ചൈനയും യുകെയും യുഎഇക്ക് കൈമാറിയ ആയുധങ്ങളാണ് ആർഎസ്എഫിൻ്റെ കൈവശമുള്ളവയിൽ ബഹുഭൂരിപക്ഷവും എന്നതാണ് മറ്റൊരു റിപ്പോർട്ട്. ആർഎസ്എഫ് ഉപയോഗിച്ചിരുന്ന യുദ്ധവാഹനത്തിൽ നിന്നും യുഎഇ പാസ്‌പോർട്ടുകൾ കണ്ടെത്തിയതും ആരോപണമുന്നയിക്കുന്നവർ തെളിവായി നിരത്തുന്നു.
തങ്ങൾ പിടിച്ചെടുക്കാൻ ഉദ്ദേശിക്കുന്ന പ്രദേശത്തെ മാസങ്ങളോളം കുടിവെള്ളം അടക്കം എത്തുന്നത് തടഞ്ഞ് ഉപരോധിക്കുക എന്നതാണ് ആർഎസ്എഫിൻ്റെ രീതി. ആർഎസ്എഫുമായി ഒരു ആയുധ ഇടപാടും ഇല്ലെന്നാണ് ആരോപണങ്ങൾക്ക് രണ്ട് വർഷമായി യുഎഇ നൽകുന്ന മറുപടി. ആർഎസ്എഫിന് ആയുധങ്ങളും സാമ്പത്തിക സഹായവും നൽകി പിന്തുണ നൽകുന്നത് യുഎഇ ആണെന്ന ആരോപണം ശക്തമായതോടെ യുഎഇ ബഹിഷ്കരണ ആഹ്വാനവും സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ്.
യുഎഇയിലെ വ്യവസായികളുടെ സ്വർണഖനന മോഹത്തിനായി ഒരു ജനതയെ കൂട്ടക്കൊല ചെയ്യാൻ രാജ്യം എല്ലാവിധ പിന്തുണയും നൽകുന്നു എന്നാണ് വിമർശകരുടെ ആരോപണം. ദാർഫുറിലെ നാടോടികളായ അറബ് മിലിഷ്യകളിൽ നിന്നാണ് ആർഎസ്‌എഫിൻ്റെ ആദ്യകാല രൂപത്തിൻ്റെ ഉദയം. കുതിരപ്പുറത്ത് കയറുന്ന പിശാചുക്കൾ എന്നറിയപ്പെട്ട സംഘത്തെ 2013ൽ പ്രസിഡന്റ് ഒമർ അൽ ബഷീറാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സായി രൂപാന്തരപ്പെടുത്തി സുരക്ഷ സേനയുടെ ഭാഗമാക്കിയത്.
2019 ലെ ജനകീയ പ്രക്ഷോഭത്തിനിടെ അൽ ബഷീറിനെ അട്ടിമറിക്കാൻ ആർഎസ്‌എഫും രംഗത്തിറങ്ങിയിരുന്നു. 2021 വരെ സുഡാൻ സൈന്യമായ എസ്.എ.എഫും ആർഎസ്എഫും ഒന്നിച്ചാണ് മുന്നോട്ട് പോയതെങ്കിലും രാജ്യത്തെ ആര് നയിക്കും എന്നതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിലേക്ക് വഴി മാറി. ഇതിനെ തുടർന്ന് രണ്ട് വർഷത്തിനുള്ളിൽ അമ്പതിനായിരത്തോളം മനുഷ്യർ കൊല്ലപ്പെടുകയും 1.2 കോടി ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തുവെന്നാണ് യുഎൻ കണക്ക്.
