മുംബൈ സ്വദേശിനിയെ ടാക്‌സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തി സംഭവം; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
15

ഇടുക്കി: മൂന്നാറിലെത്തിയ മുംബൈ സ്വദേശിയ്ക്ക് ടാക്സി ഡ്രൈവർമാരിൽ നിന്നും ദുരനുഭവം നേരിട്ട സംഭവത്തിൽ നടപടി. മൂന്നാർ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയിട്ടും യുവതിക്ക് സഹായം നൽകിയില്ലെന്ന കണ്ടെത്തലിലാണ് നടപടി. എഎസ്ഐ ജോർജ് കൃര്യൻ, ഗ്രേഡ് എഎസ്ഐ സാജു പൗലോസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ഊബർ കാറിൽ സഞ്ചരിക്കാൻ അനുവദിച്ചില്ലെന്നും ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു യുവതിയുടെ ആരോപണം. മുംബൈ സ്വദേശിനി ജാൻവിയാണ് ദുരനുഭവം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡ്രൈവർമാർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബർ 30നാണ് കേസിനാസ്പദമായ സംഭവം. ജാൻവി മുംബൈയിൽ അസി. പ്രൊഫസറായി ജോലി ചെയ്യുകയാണ്. കൂട്ടുകാരുമൊത്ത് അവധിക്കാലം ആഘോഷിക്കാനാണ് യുവതി മൂന്നാറിലെത്തിയത്. കേരളത്തിൽ കൊച്ചിയിലും ആലപ്പുഴയിലും പോയിരുന്നു. അവിടെയുളളവർ മര്യാദയോടെയാണ് പെരുമാറിയത്. മൂന്നാറിൽ എത്തി യാത്രചെയ്യാനായി ഊബർ ടാക്സി വിളിച്ചു. എന്നാൽ മൂന്നാറിലെ ഡ്രൈവർമാർ ശ്രമം തടഞ്ഞതായും ഭീഷണിപ്പെടുത്തിയതായും യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

സംഭവം സ്ഥലത്ത് പൊലീസ് എത്തിയെന്നും ഡ്രൈവർമാർക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചുതെന്നും ജാൻവി വീഡിയോയിൽ പറയുന്നുണ്ട്. പൊലീസുകാർ ഡ്രൈവർമാരോട് മാത്രമാണ് സംസാരിച്ചത്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങളോട് ആരും ചോദിച്ചില്ല. കേരള ടൂറിസവുമായി ബന്ധപ്പെട്ടിരുന്നു. ഉബറിലോ ഓലയിലോ യാത്ര ചെയ്യാൻ കഴിയില്ല, യൂണിയൻ ടാക്സിയിൽ യാത്രക്കായി ഉപയോ​ഗിക്കണമെന്ന അതേ മറുപടി തന്നെയാണ് ലഭിച്ചത്. ഭീഷണിപ്പെടുത്തിയ ആളുകളോടൊപ്പം തന്നെയാണ് പിന്നീട് സഞ്ചരിച്ചത്. ഇത്തരത്തിലുളള മോശം അനുഭവമുണ്ടായതിനെ തുടർന്ന് ഇനി കേരളത്തിലേക്ക് വരില്ലെന്നും പറഞ്ഞു കൊണ്ടാണ് ജാൻവി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.