കൈവരി ഒടിഞ്ഞു, ഒരാൾ മുകളിൽനിന്ന് താഴേക്ക് വീണു; ജനം ചിതറിയോടി കുഴഞ്ഞു വീണു

0
348

ശ്രീകാകുളം: കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ തിരക്കിൽ 9പേർ മരിച്ചത് പ്രവേശന കവാടം അടച്ചതിനാലാണെന്ന് മന്ത്രി നാരാ ലോകേഷ്. പ്രവേശന കവാടം അടച്ചതോടെ പുറത്തിറങ്ങാനുള്ള ഗേറ്റിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തി. ഇതുവഴി അകത്തേക്ക് കയറാനായിരുന്നു ശ്രമം. ഇതോടെ വലിയ തിരക്കായി.

പ്രവേശന കവാടത്തിൽ പടികൾ ഉണ്ട്. മുകളിലുള്ള ഒരാൾ കൈവരി ഒടിഞ്ഞ് ജനക്കൂട്ടത്തിലേക്ക് വീണത് പരിഭ്രാന്തി പരത്തി. ആളുകൾ ചിതറിയോടിയതോടെ അപകടമുണ്ടായി. ഇത്രയും വലിയ തിരക്ക് ഉണ്ടാകുമെന്ന് സംഘാടകർ കരുതിയില്ലെന്നും മന്ത്രി പറഞ്ഞു. 

മരിച്ചവരിൽ അധികവും സ്ത്രീകളാണ്. 15,000 പേർ സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. ആളുകൾക്ക് പ്രവേശിക്കാൻ ഒരു കവാടവും ഇറങ്ങാന്‍ ഒരു കവാടവും മാത്രമാണ് ഉണ്ടായിരുന്നതെന്നും പടിക്കെട്ടിന്റെ ഭാഗത്തെ ഇരുമ്പ് കൈവരി തകർന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നും ശ്രീകാകുളം എസ്പി കെ.വി.മഹേശ്വര റെഡ്ഡി പറഞ്ഞു.

തിക്കിലും തിരക്കിലും പെട്ട് 8 സ്ത്രീകളടക്കം 9 പേരാണ് മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. നിരവധി പേർ പരുക്കേറ്റ് ആശുപത്രിയിലാണ്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രത്തിൽ എല്ലാ ദിവസവും രണ്ടായിരത്തോളം ഭക്തർ എത്താറുണ്ട്. കാർത്തിക മാസത്തിലെ ഏകാദശി ദിവസമായതിനാൽ ശനിയാഴ്ച വൻ ജനപ്രവാഹമുണ്ടായി. ഹരിമുകുന്ദ് പാണ്ഡ എന്ന വ്യക്തിയാണ് 10 കോടി മുടക്കി 12 ഏക്കറിൽ അടുത്തിടെ ക്ഷേത്രം നിർമിച്ചത്. കഴിഞ്ഞ മേയ് മുതലാണ് പൂജ തുടങ്ങിയത്.