കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം; രോഗം ബാധിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

0
16

കൊച്ചി: കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം. ലക്ഷദ്വീപ് സ്വദേശിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. ഇടപ്പള്ളിയിൽ ജോലി ചെയ്യവേയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കഴിഞ്ഞ ദിവസം, കൊല്ലം പാലത്തറ സ്വദേശിയായ 65കാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഒക്ടോബറിൽ 12 പേരാണ് അമീബിക്ക് മസ്തിഷ്കജ്വരം മൂലം മരിച്ചത്. 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗ കണക്കാണ് ഒക്ടോബറിൽ റിപ്പോർട്ട് ചെയ്തത്.

എന്താണ് അമീബിക് മസ്തിഷ്കജ്വരം?
തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു.

മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല.

കുതിച്ചുയർന്ന് അമീബിക് മസ്തിഷ്ക ജ്വര രോഗികളുടെ എണ്ണം, എങ്ങുമെത്താതെ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം
കഴിഞ്ഞ ദിവസം തിരുവനന്തപുരം ചിറയിൻകീഴ് അഴൂര്‍ സ്വദേശിയായ വീട്ടമ്മ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. 77 വയസായിരുന്നു. ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സോഡിയം കുറഞ്ഞതിനെ തുടർന്നാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 10 ദിവസം മുമ്പ് നടത്തിയ രക്ത പരിശോധനയിലാണ് അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല.

ലക്ഷണങ്ങൾ
പനി, തീവ്രമായ തലവേദന, ഛർദ്ദി, ഓക്കാനം, കഴുത്തു വേദന, വെളിച്ചത്തിലേയ്ക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പൊതുവേ കാണുന്ന ലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ തേടണം.