ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് രണ്ട് മണിക്കൂര്‍; മുംബൈയിലെ ഊബര്‍ ഡ്രൈവറില്‍ നിന്നുണ്ടായ അനുഭവം പറഞ്ഞ് ഓസ്‌ട്രേലിയന്‍ യുവതി

0
19

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്ത്യയിലുള്ള യുവതി മുംബൈയില്‍ തനിക്കുണ്ടായ അനുഭവമാണ് വീഡിയോയില്‍ പറയുന്നത്. ബ്രീ സ്റ്റീലെ എന്ന യുവതിയാണ് ഗതാഗതക്കുരുക്കിനിടെ ടാക്‌സി ഡ്രൈവറില്‍ നിന്ന് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. പോഡ്കാസ്റ്ററും ഇന്‍ഫ്‌ളുവന്‍സറുമായ ബ്രീ സ്റ്റീലെ 2023 മുതല്‍ ഇന്ത്യയിലുടനീളം സഞ്ചരിക്കുകയാണ്.

ഇന്ത്യയിലെ ഊബര്‍ ഡ്രൈവര്‍മാര്‍ വേറെ ലെവലാണെന്നാണ് ബ്രീയുടെ അഭിപ്രായം. തുടര്‍ന്നാണ് ഛാത്ത് പൂജാ ഉത്സവത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്കില്‍ പെട്ടതിനെ കുറിച്ച് അവര്‍ പറഞ്ഞത്. സാധാരണഗതിയില്‍ 15 മിനിറ്റ് കൊണ്ട് ഓടിയെത്തേണ്ട ദൂരം താണ്ടാന്‍ രണ്ട് മണിക്കൂറോളമാണ് എടുത്തതെന്നും അവര്‍ പറയുന്നു.

‘ഇന്ത്യയിലെ ഊബര്‍ ഡ്രൈവര്‍മാര്‍, അല്ലെങ്കില്‍ ഒരുപക്ഷേ മുംബൈയിലെ ഊബര്‍ ഡ്രൈവര്‍മാര്‍ കിടിലമാണ്. ഛാത്ത് പൂജയെ തുടര്‍ന്ന് ഞാന്‍ രണ്ട് മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ പെട്ടു. സാധാരണ ഈ യാത്രയ്ക്ക് 15 മിനിറ്റേ വേണ്ടൂ. എന്റെ ഊബര്‍ ഡ്രൈവര്‍ സഹാനുഭൂതിയുള്ള ആളായിരുന്നു. അദ്ദേഹം വാഹനം നിര്‍ത്തി കുടിവെള്ളവും കെബാബുകളും ഒരു സോഫ്റ്റ് ഡ്രിങ്ക് കാനുമെല്ലാം വാങ്ങിക്കൊണ്ടുവന്നു തന്നു.’ -ബ്രീ പറഞ്ഞു.

ഇതിന്റെയൊന്നും പണം വേണ്ടെന്നും ഡ്രൈവര്‍ പറഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമാനമായി തന്റെ കാര്യങ്ങള്‍ നോക്കുകയും സഹായിക്കുകയും ചെയ്ത ഒട്ടേറെ ഊബര്‍ ഡ്രൈവര്‍മാര്‍ മുംബൈയില്‍ ഉണ്ട്. ഒരിക്കല്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അത് വകവെക്കാതെ ഒരു ഡ്രൈവര്‍ തന്നെ കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിച്ചു. മറ്റൊരിക്കല്‍ തന്റെ ഷൂ പുറത്തേക്ക് തെറിച്ചുപോയപ്പോള്‍ അതെടുക്കാനായി ഓട്ടോറിക്ഷ നിര്‍ത്തിത്തന്നുവെന്നും ഇപ്പോള്‍ ഈ അനുഭവം ഉണ്ടായെന്നും യുവതി കൂട്ടിച്ചേര്‍ത്തു.