ഇടുക്കി: ഇടുക്കിയിൽ സഹോദര പുത്രനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ വയോധികയും മരിച്ചു. ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി കുറ്റിയാനിയിൽ തങ്കമ്മയാണ് മരിച്ചത്. ആസിഡ് ആക്രമണത്തിൽ തങ്കമ്മയ്ക്കും പരിക്ക് ഏറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഈ മാസം 24 നാണ് സംഭവം. സഹോദരപുത്രനായ ഇടുക്കി കുഴിത്തൊളുവിന് സമീപം നിരപ്പേൽ കടയിൽ 62കാരനെയാണ് തങ്കമ്മ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത്. സുകുമാരൻ അന്ന് തന്നെ മരിച്ചിരുന്നു. സുകുമാരന്റെ അച്ഛന്റെ സഹോദരിയാണ് തങ്കമ്മ.
സുകുമാരന്റെ നിരപ്പേൽ കടയിലുള്ള വീട്ടിൽ വച്ചാണ് സംഭവം നടന്നത്. തങ്കമ്മയുടെ സ്വർണാഭരണങ്ങളിൽ ചിലത് സുകുമാരൻ വാങ്ങി പണയം വച്ചിരുന്നു. ഏറെ നാളായിട്ടും തിരികെ നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ട്. സുകുമാരന്റെ ഭാര്യയും മക്കളും വിദേശത്താണ്. പതിനഞ്ച് ദിവസം മുൻപാണ് തങ്കമ്മ സുകുമാരന്റെ വീട്ടിലെത്തിയത്. സംഭവം നടക്കുന്നതിന്റെ തലേദിവസം ഇരുവരും തമ്മിൽ സ്വർണത്തെച്ചൊല്ലി തർക്കം ഉണ്ടായിരുന്നു.
ആസിഡ് വീണ് തങ്കമ്മക്കും പൊള്ളലേറ്റിരുന്നു. ഇവർ പൊലീസ് നിരീക്ഷണത്തിൽ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സുകുമാരനെ നാട്ടുകാരുടെ നേതൃത്വത്തിൽ ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





