കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; ഇന്ത്യൻ വംശജനായ യുവാവിനെ മർദിച്ചുകൊന്നു

0
12

കാനഡ: എഡ്മൻ്റണിൽ കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജനായ യുവാവിനെ മർദിച്ച് കൊന്നു. 55കാരനായ അർവി സിങ് സാഗുവാണ് അജ്ഞാതൻ്റെ മർദനത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ 19നായിരുന്നു സംഭവം.

പെൺസുഹൃത്തുമായി ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിൽ നിന്നും പുറത്തെത്തിയ അർവി സിംഗ് കണ്ടത് തൻ്റെ കാറിൽ മൂത്രമൊഴിക്കുന്ന ആളെയാണ്. പിന്നാലെ ഇയാൾ അജ്ഞാതനെ ചോദ്യം ചെയ്തു. നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന ചോദ്യത്തിന്, എനിക്ക് വേണ്ടതെല്ലാം എന്നായിരുന്നു അജ്ഞാതൻ്റെ ഉത്തരം.

തുടർന്ന് ഇയാൾ അർവി സിങ്ങിന് നേരെ പാഞ്ഞെടുത്ത് ഇയാളെ ഇടിച്ച് താഴെയിട്ടു. പിന്നാലെ അർവി സിങ്ങിൻ്റെ പെൺസുഹൃത്ത് ആംബുലൻസ് വിളിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും അഞ്ചാം ദിവസം അർവി സിങ് മരിച്ചു.

സംഭവത്തിൽ കൈൽ പാപ്പിൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം അർവി സിങ്ങിൻ്റെ അടുത്ത സുഹൃത്തായ വിൻസെന്റ് റാം, അയാളുടെ കുട്ടികളെ സഹായിക്കുന്നതിനും ശവസംസ്കാരച്ചെലവുകളും ജീവിതച്ചെലവുകളും വഹിക്കുന്നതിനുമായി ഒരു ഫണ്ട് റൈസർ ആരംഭിച്ചിട്ടുണ്ട്.