ബെംഗളൂരു: ചിക്കമഗളൂരുവിൽ പ്രണയാഭ്യർഥന നിരസിച്ചതിന് സ്കൂൾ അധ്യാപികയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ച ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്തു. ഭവിത് (26) നെയാണു ജയാപുര പൊലീസ് പിടികൂടിയത്.
പരുക്കേറ്റ അധ്യാപികയെ ശിവമൊഗ്ഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊപ്പ ബസാരിക്കട്ടെ ഗ്രാമത്തിലെ സർക്കാർ സ്കൂൾ അധ്യാപികയായ 25 വയസ്സുകാരിക്കു നേരെയായിരുന്നു ആക്രമണം. സ്കൂളിൽ നിന്നു തിരിച്ച് വീട്ടിലേക്കു നടന്നുവരുമ്പോഴായിരുന്നു സംഭവം.
ഭവിത് ഫോണിൽ സ്ഥിരമായി ശല്യം ചെയ്തതോടെ അധ്യാപിക നമ്പർ ബ്ലോക്ക് ചെയ്യുകയും കാണാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സ്കൂൾ വിട്ട് ഇവർ വരുന്ന വഴിയിൽ ഒളിച്ചിരുന്ന് ഭവിത് ആക്രമിച്ചത്. മണിക്കൂറുകൾക്ക് ശേഷമാണ് വിജനമായ പ്രദേശത്ത് നാട്ടുകാർ അധ്യാപികയെ അവശനിലയിൽ കണ്ടെത്തിയത്.





