ന്യൂഡൽഹി: ചാരപ്രവർത്തനം ആരോപിച്ച് മുഹമ്മദ് ആദിൽ ഹുസൈനി (59) എന്നയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കു വിദേശ ആണവ ശാസ്ത്രജ്ഞനുമായി ബന്ധമുണ്ടെന്നു പൊലീസ് പറഞ്ഞു. പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തതായും കണ്ടെത്തി.
പല സ്ഥലങ്ങളിൽ, പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഇയാൾ വ്യാജ രേഖകൾ ഉപയോഗിച്ചു പാസ്പോർട്ടുകൾ സംഘടിപ്പിച്ച് വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കുകയും അവിടങ്ങളിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു നിർണായക വിവരങ്ങൾ ചോർത്തിക്കൊടുക്കുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു.
ഇയാളുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ 2 വ്യാജ പാസ്പോർട്ടുകളും കണ്ടെത്തി.റഷ്യയിലെ ശാസ്ത്രജ്ഞരിൽനിന്ന് ന്യൂക്ലിയർ ഡിസൈനുകൾ വാങ്ങി ഇറാനിലെ ശാസ്ത്രജ്ഞർക്കു കൈമാറിയതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. പ്രതിഫലമായി കിട്ടിയ പണം ദുബായിൽ വസ്തു വാങ്ങാൻ നിക്ഷേപിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആഡംബര ജീവിതത്തിനും പണം ഉപയോഗിച്ചു. കോടതിയിൽ ഹാജരാക്കിയ ഹുസൈനിയെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
