“കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി”? പോലീസ് സ്റ്റേഷനേയും ഡാന്‍സാഫ് ടീമിനേയും മറയാക്കി സാമ്പത്തിക തട്ടിപ്പ്

0
17

മലപ്പുറം വണ്ടൂരില്‍ പൊലീസ് സ്റ്റേഷനേയും ഡാന്‍സാഫ് ടീമിനേയും മറയാക്കി സാമ്പത്തിക തട്ടിപ്പ്. വാടകക്ക് എടുത്ത കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി എന്നും കൈക്കൂലി നല്‍കാന്‍ പണം ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. മൂന്നു പേര്‍ പൊലീസ് പിടിയിലായി.

പൊലീസ് സ്റ്റേഷന് മുന്‍വശത്ത് കാര്‍ നിര്‍ത്തിയ ശേഷം ചിത്രമെടുത്തു. വണ്ടൂരിനടുത്ത അമ്പലപ്പടിയില്‍ വച്ച് എംഡിഎംഎയുമായി കാര്‍ പിടിയിലായെന്നും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണന്നും കാളികാവ് സ്വദേശിയായ കാറുടമയെ അറിയിച്ചു.

തെളിവിനായി ഫോട്ടോ അയച്ചു കൊടുത്തു. എംഡിഎംഎ കേസില്‍ നിന്ന് കാറും കാറുടമയും രക്ഷപ്പെടാന്‍ 50000 രൂപ കൈക്കൂലിയായി പൊലീസിന് നല്‍കണമെന്നും ധരിപ്പിച്ചു. കൈക്കൂലി നല്‍കാനുളള അന്‍പതിനായിരം രൂപയില്‍ 28000രൂപ കൈവശമുണ്ടെന്നും ബാക്കി 22000 രൂപ ഉടന്‍ അയച്ചു തരണമെന്നും ആവശ്യപ്പെട്ടു. 22000 രൂപ ഗൂഗിള്‍പേ വഴി അയച്ചു കൊടുത്തതോടെയാണ് തട്ടിപ്പിന് ഇരയായത്.

കറുത്തേനി തട്ടാന്‍കുന്ന് സ്വദേശി അബ്ദുല്‍ വാഹിദ്,കൂരാട് തെക്കുംപുറം അബ്ദുല്‍ ലത്തീഫ്,വണ്ടൂര്‍ കരുണാലയപ്പടി പൂലാടന്‍ അസ്ഫല്‍ എന്നിവരാണ് അറസ്റ്റിലായത്. അബ്ദുല്‍ ലത്തീഫ് മുന്‍പ് 40ഗ്രാം എംഡിഎംഎ കൈവശം വച്ച കേസിലും അസഫല്‍ ഒാണ്‍ലൈന്‍ തട്ടിപ്പ്,അടിപിടി കേസുകളിലും പ്രതിയാണ്.