ആസിഡ് വാങ്ങിയതും കൈയ്യില്‍ ഒഴിച്ചതും പെണ്‍കുട്ടി; ആസിഡ് ആക്രമണം അച്ഛന്റേയും മകളുടേയും പ്ലാന്‍

0
5

ഡല്‍ഹി: വിദ്യാര്‍ഥിനിക്കെതിരായ ആസിഡ് ആക്രമണത്തില്‍ വീണ്ടും ട്വിസ്റ്റ്. യുവാവിനെ കുടുക്കാനുണ്ടാക്കിയ നാടകമാണ് ആസിഡ് ആക്രമണമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. കേസില്‍ അറസ്റ്റിലായ ജിതേന്ദര്‍ എന്ന യുവാവിനോടുള്ള ശത്രുതയാണ് കാരണം.

രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ജിതേന്ദര്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയായ യുവതിക്കു നേരെ ആസിഡ് ഒഴിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജിതേന്ദറിനെതിരെ അന്വേഷണവും ആരംഭിച്ചിരുന്നു.

ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെതിരെ ജിതേന്ദറിന്റെ ഭാര്യ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനെതിരെ നല്‍കിയ ബലാത്സംഗ കേസിലുള്ള പ്രതികാരമാണ് ആസിഡ് ആക്രമണം ചമച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍.

പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യമാണ് കൂടുതല്‍ ചോദ്യം ചെയ്യലിലേക്ക് നയിച്ചത്. ഇതോടെയാണ് ആസിഡ് ആക്രമണം നാടകമാണെന്ന് പൊലീസിന് വ്യക്തമായത്. ജിതേന്ദറിനെ കുടുക്കാന്‍ കെട്ടിച്ചമച്ചതാണ് കേസ് എന്ന് പെണ്‍കുട്ടിയും പിതാവും പൊലീസിനോട് സമ്മതിച്ചതായാണ് സൂചന.

പെണ്‍കുട്ടിയുെട പിതാവ് അകിലിനെതിരെ ജിതേന്ദറിന്റെ ഭാര്യ ബലാത്സംഗ കേസ് നല്‍കിയിരുന്നു. ഇതോടെ, ജിതേന്ദറിനെ കുടുക്കാന്‍ മകള്‍ക്കൊപ്പം ചേര്‍ന്ന് അകില്‍ പദ്ധതിയുണ്ടാക്കി. ജിതേന്ദറിനൊപ്പം അറസ്റ്റിലായ ഇഷാന്‍, അര്‍മാന്‍ എന്നിവരുമായും അകിലിന് തര്‍ക്കമുണ്ടായിരുന്നു. ആസിഡ് വാങ്ങിയതും പെണ്‍കുട്ടി തന്നെയാണ്. ടോയിലറ്റ് ക്ലീന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ആസിഡാണ് വാങ്ങിയത്.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിക്കു നേരെ ആസിഡ് ആക്രമണമുണ്ടായെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഡല്‍ഹി ദീപ് ചന്ദ് ബന്ധു ആശുപത്രിയില്‍ നിന്നാണ് പൊലീസിന് ആദ്യം അറിയിപ്പ് വരുന്നത്. വടക്കന്‍ ഡല്‍ഹിയിലെ മുകുന്ദ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ആസിഡ് ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെന്നായിരുന്നു അറിയിപ്പ്.

ഞായറാഴ്ച എക്‌സ്ട്രാ ക്ലാസിനായി കോളേജിലേക്ക് പോകുന്നതിനിടയില്‍ രാവിലെ 10 മണിയോടെ ആക്രമണം നടന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. കോളേജിലേക്ക് നടന്നു പോകുന്നതിനിടയില്‍ ജിതേന്ദറും ഇഷാനും അര്‍മാനും ബൈക്കിലെത്തി തടഞ്ഞു നിര്‍ത്തി ആസിഡ് ഒഴിച്ചെന്നായിരുന്നും മൊഴിയില്‍ പറഞ്ഞിരുന്നു. മുഖം കൈകൊണ്ട് മറച്ചതിനാലാണ് കൈയ്യില്‍ പൊള്ളലേറ്റതെന്നും പെണ്‍കുട്ടി പറഞ്ഞു.

ജിതേന്ദര്‍ ഏറെ നാളായി തന്നെ ശല്യം ചെയ്തുവരികയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു മാസം മുമ്പ് വലിയ തര്‍ക്കമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തി.

സംഭവം നടന്നുവെന്ന് പറയുന്ന സമയത്ത് ജിതേന്ദര്‍ മറ്റൊരു സ്ഥലത്തായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളുടേയും മൊബൈല്‍ ലൊക്കേഷന്റെയും അടിസ്ഥാനത്തില്‍ വ്യക്തമായി.