കുർണൂൽ ബസ് ദുരന്തം: അന്വേഷണത്തിൽ ദുരന്തത്തിന് പിന്നിലെ ഞെട്ടിക്കുന്ന കാരണം വെളിപ്പെട്ടു

0
13
  • മരണം 20
  • ബസ് ഡ്രൈവർക്കും ഉടമയ്ക്കുമെതിരെയുള്ള കേസ് നിലനിൽക്കും, ബൈക്ക് യാത്രികനെതിരെയും നിയമനടപടി; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

കുർണൂൽ: ഇരുപതോളം പേരുടെ മരണത്തിനിടയാക്കിയ കുർണൂൽ ബസ് തീപിടിച്ച ദുരന്തത്തിന് കാരണം മദ്യപിച്ച് വാഹനമോടിച്ച ബൈക്ക് യാത്രികനാണെന്ന് റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറി (RFSL) റിപ്പോർട്ട് സ്ഥിരീകരിച്ചു. ബൈക്ക് യാത്രക്കാരനായ ശിവശങ്കർ എന്നയാളുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകളിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.

പൊലിസ് പറയുന്നതനുസരിച്ച്, മദ്യപിച്ചതിനെ തുടർന്ന് ശിവശങ്കറിന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് ഡിവൈഡറിൽ ഇടിക്കുകയും തൽക്ഷണം മരിക്കുകയും ചെയ്തു. അതേസമയം വന്ന മറ്റ് രണ്ട് ബസുകൾ വീണു കിടന്ന ബൈക്കിൽ തട്ടാതെ കടന്നുപോയെങ്കിലും, അതിവേഗത്തിലെത്തിയ കാവേരി ട്രാവൽസിന്റെ അപകടത്തിൽ പെട്ട ബസ് ബൈക്കിൽ ഇടിച്ചു കയറി. ഇടിച്ചതിന് പിന്നാലെ തുടർന്നുണ്ടായ തീപ്പൊരിയാണ് വൻ തീപിടുത്തത്തിലേക്ക് നയിച്ചത്. ഇതോടെ ബസ് നിമിഷ നേരം കൊണ്ട് അ​ഗ്നിക്കിരയായി.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ശിവശങ്കറിന്റെ സുഹൃത്ത് യെറിസ്വാമിയുടെ പരാതിയെ തുടർന്ന് ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 281, 125(എ), 106(1) എന്നിവ പ്രകാരം പൊലിസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. താനും ശിവശങ്കറും മദ്യപിച്ചിരുന്നതായി യെറിസ്വാമി സമ്മതിച്ചിട്ടുണ്ട്. നേരത്തെ, യാത്രക്കാരനായ രമേശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കാവേരി ട്രാവൽസ് ബസ് ഡ്രൈവർക്കും ഉടമയ്ക്കുമെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിന് പൊലിസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

എക്‌സൈസ് വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ, ബൈക്ക് യാത്രികൻ കർണൂലിലെ പെദ്ദതെകൂർ ഗ്രാമത്തിലെ ലൈസൻസുള്ള രേണുക യെല്ലമ്മ വൈൻസിൽ നിന്നാണ് മദ്യം വാങ്ങിയതെന്ന് കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കും 8.25 മണിക്കുമായി രണ്ട് തവണ മദ്യം വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. ദേശീയപാതയിൽ നിന്ന് 240 മീറ്ററിലധികം അകലെയാണ് ഈ ഔട്ട്‌ലെറ്റ് സ്ഥിതി ചെയ്യുന്നത്. എക്‌സൈസ് കമ്മീഷണർ ശ്രീധർ മദ്യം വാങ്ങിയതിനെക്കുറിച്ചുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് അറിയിച്ചു.

അതേസമയം ഡിഎൻഎ പരിശോധനകൾ പൂർത്തിയാക്കിയതോടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ അധികൃതർക്ക് കഴിഞ്ഞു. 17 മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കുടുംബങ്ങൾക്ക് കൈമാറി. കളക്ടർ എ സിരി, എസ്പി വിക്രാന്ത് പാട്ടീൽ എന്നിവർ നടപടികൾക്ക് മേൽനോട്ടം വഹിച്ചു. തിരിച്ചറിയപ്പെടാത്ത ഒരു മൃതദേഹം ചിറ്റൂർ സ്വദേശിയായ ഗ്രാനൈറ്റ് വ്യാപാരി പി ത്രിമൂർത്തിയുടേതാണെന്ന് സംശയിച്ച് കുടുംബാംഗങ്ങൾ അധികൃതരെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഡിഎൻഎ സാമ്പിളുകൾ വിശകലനത്തിനായി മംഗളഗിരിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പൊരുത്തപ്പെടുന്നപക്ഷം മൃതദേഹം കുടുംബത്തിന് കൈമാറുമെന്ന് എസ്പി വിക്രാന്ത് പാട്ടീൽ അറിയിച്ചു.