തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സമവായത്തിന് ശ്രമം നടത്താനൊരുങ്ങി സിപിഐഎം. മുന്നണി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം. സിപിഐ വിഷയത്തില്‍ നിലപാട് കടുപ്പിച്ചതോടെയാണ് ഈ നീക്കം.
അതേ സമയം പിഎം ശ്രീ പദ്ധതിയില്‍ മുന്നോട്ടുപോകാന്‍ തന്നെയാണ് സിപിഐഎം തീരുമാനം. പദ്ധതി നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്ന സിപി ഐ നിലപാടിനെ മയപ്പെടുത്തലാണ് മുന്നണി യോഗത്തിന്റെ ലക്ഷ്യം.
അതേ സമയം വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സിപിഐക്ക് ഇപ്പോഴുള്ളത്. അത് കൊണ്ട് തന്നെ സിപിഐഎം നടത്തുന്ന സമവായ ശ്രമം വിജയിക്കുമോ എന്ന് കണ്ടുതന്നെ അറിയേണ്ടി വരും. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നത് വരെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് സിപിഐ ആലോചിക്കുന്നത്. മാസങ്ങളോളം മാറി നില്‍ക്കേണ്ടി വരുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി എന്നിവരുമായി നേതൃത്വം സംസാരിച്ചു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സിപിഐഎം പിന്നോട്ട് പോകുമെന്നാണ് വിലയിരുത്തല്‍. എക്സിക്യൂട്ടീവില്‍ കൂടി ചര്‍ച്ച ചെയ്തതിന് ശേഷമാകും അന്തിമ തീരുമാനം.
രാഷ്ട്രീയമായി ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ആശയപരമായും രാഷ്ട്രീയപരമായും തീരുമാനമെടുക്കും. മുഖ്യമന്ത്രി വിളിച്ചാല്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചയുടെ വാതില്‍ തുറന്നുകിടക്കുകയാണ്. എല്‍ഡിഎഫിന് ആശയ അടിത്തറയുണ്ട്. ചര്‍ച്ചകളുണ്ടാകുമെന്നും മറ്റൊന്നും പറയാനില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
