സ്തനാര്‍ബുദ ബോധ വല്‍ക്കരണം ശ്രദ്ധേയമായി

ജിദ്ദ: സ്തനാര്‍ബുദത്തിന്റെ ആരംഭത്തിൽ തന്നെ കണ്ടെത്തി ഫലപ്രദമായ ചികിൽത്സ നൽകിയാൽ സമ്പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരുച്ചുവരാനാകുമെന്ന് ജിദ്ദയിൽ സംഘടിപ്പിച്ച സ്തനാര്‍ബുദ ബോധവൽത്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച വിദഗ്‌ദ്ധ ഡോക്ടർമാർ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് സദസിനെ ബോധ്യപ്പെടുത്തി. ഭാരത് റിക്രിയേഷന്‍ ക്ലബ് (ബി. ആർ. സി), ജിദ്ദ – കേരള പൗരാവലിയുടെയും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസ് സ്ത്രീകളുടെ വന്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഒക്ടോബര്‍ ആഗോളതലത്തില്‍ സ്തനാര്‍ബുദ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. സാജിറ പുനത്തില്‍, ഡോ. ഖദീജാ ഷെബിന്‍ എന്നിവരാണ് നയിച്ചത്.

സ്തനാര്‍ബുദം നേരത്തെ കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ മാര്‍ഗങ്ങളുണ്ടെന്നും ഇത് ഉപയോഗപ്പെടുത്തണമെന്നും ഡോ. സാജിറ ഓര്‍മിപ്പിച്ചു. വിവിധ പരിശോധനാ സമ്പ്രദായങ്ങളെക്കുറിച്ചും ഓരോ ഘട്ടങ്ങളിലുമുള്ള ചികിത്സയെകുറിച്ചും ഡോക്ടര്‍ വിശദമായി സംസാരിച്ചു.

സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി സംസാരിച്ച ഡോ. ഖദീജാ ഷെബിന്‍, കാന്‍സര്‍ പിടി പെടുന്നതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു. അമിതവണ്ണം പ്രധാനപ്പെട്ട കാരണമാണ്. ഡയറ്റിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും ഘട്ടം ഘട്ടമായി അമിത വണ്ണത്തെ ചെറുക്കാനാവുമെന്ന് അവര്‍ പറഞ്ഞു. പാലുല്‍പ്പന്നങ്ങളുടേയും ജംഗ് ഫുഡിന്റെയും അമിതമായ ഉപയോഗം പെണ്‍കുട്ടികളില്‍ പെട്ടെന്നുളള ശരീരവളര്‍ച്ചക്ക് കാരണമാകും, ഇതുംതടയേണ്ടതാണ്. സ്ത്രീകള്‍ ഉപയോഗിക്കുന്ന നിരവധി സൗന്ദര്യസംവര്‍ധക വസ്തുക്കളില്‍ ഹെവിമെറ്റലുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പലപ്പോഴും വൃക്ക പ്രശ്‌നങ്ങള്‍ക്കും സ്‌കിന്‍ കാന്‍സറിനും ഉത്തേജകമാവുന്നതായും ഡോ. ഖദീജ ചൂണ്ടിക്കാട്ടി.

ഷറഫിയ അബീര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സോഫിയ സുനില്‍ സ്തനാര്‍ബുദത്തെ സംബന്ധിച്ച ആമുഖം നൽകി വിഡിയോ പ്രദര്‍ശിപ്പിച്ചു. ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ ഫസ്‌ന സുബൈര്‍ പരിപാടി നിയന്ത്രിച്ചു. സുവിജ സത്യന്‍ കമ്യുണിറ്റി നേതൃത്വങ്ങൾക്കുള്ള സന്ദേശം നൽകി. റെമി ഹരീഷ് സ്വാഗതവും സിമി അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

പൂർണ്ണമായും വനിതകൾ നിയന്ത്രിച്ച പരിപാടിയിൽ 20 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് മാത്രമാണ് ബോധവൽത്കരണ ക്യാബിലേക്ക് ഓൺലൈൻ രജിസ്ട്രേഷനിലൂടെ പ്രവേശനം നൽകിയത്. കുബ്ര ലത്തീഫ്, റോസിന കുഞ്ഞമ്മു, നജ്മ സമദ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.