ലക്നൗ: കാൻപുരിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരനുമായുള്ള തർക്കത്തിനൊടുവിൽ ആക്രമികൾ വിദ്യാർഥിയുടെ വയറു പിളർത്തി, ശേഷം വിരലുകൾ മുറിച്ചു. 22 വയസ്സുള്ള നിയമ വിദ്യാർഥിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. കാൻപുർ സർവകലാശാലയിലെ ഒന്നാം വർഷ നിയമ വിദ്യാർഥിയായ അഭിജിത് സിങ് ചന്ദേലിനെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിയുടെ തലയിൽ 14 തുന്നലുകളുണ്ട്. ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ അമർ സിങ്ങും, അഭിജിത്തും തമ്മിൽ മരുന്നിന്റെ വിലയെച്ചൊല്ലിയാണ് തർക്കമുണ്ടായത്. അമർ സിങ്ങിനൊപ്പം സഹോദരൻ വിജയ് സിങ്ങും പ്രിൻസ് രാജ് ശ്രീവാസ്തവ, നിഖില്‍ എന്നീ സുഹൃത്തുക്കളും ഉണ്ടായിരുന്നു. നാലുപേരും വിദ്യാർഥിയുടെ തലയിലാണ് ആദ്യം ആക്രമിച്ചത്. തലപൊട്ടി രക്തം ഒഴുകുന്ന നിലയിലായി. തുടർന്ന് ആക്രമികൾ വിദ്യാർഥിയുടെ വയറിൽ അടിക്കുകയും മൂർച്ഛയുള്ള വസ്തു ഉപയോഗിച്ച് അത് പിളർത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ആക്രമണത്തിൽ പരുക്കേറ്റ അഭിജിത് ജീവനുവേണ്ടി നിലവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടി. പക്ഷേ അക്രമികൾ വീണ്ടും അയാളെ പിടികൂടി ഒരു കൈയിലെ രണ്ടു വിരലുകൾ വെട്ടിമാറ്റുകയായിരുന്നു. അഭിജിത്തിന്റെ നിലവിളി കേട്ട് ആളുകൾ രക്ഷിക്കാനായി ഓടിയെത്തി. ഈ സമയം പ്രതികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
