ന്യൂഡൽഹി: വീണ്ടും എയർ ഇന്ത്യ വാർത്തകളിൽ ഇടംനേടുന്നു. കാലതാമസം, അടിയന്തര ലാൻഡിങ് എന്നിവയുടെ പേരിലല്ല. മറിച്ച് ആകാശത്ത് നടന്ന ഒരു കൊലപാതകമാണ് ഇത്തവണ എയർ ഇന്ത്യയ്ക്ക് വാർത്തകളിൽ ഇടംനൽകുന്നത്. ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലായിരുന്നു ഈ കൊലപാതകം.
കൊലപാതകമെന്നു കേട്ട് ഞെട്ടേണ്ട. വിമാനത്തില്‍ ജീവനോടെ കണ്ടെത്തിയ പാറ്റയെ തൂക്കിക്കൊന്നു എന്ന് ക്യാബിൻ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഒരു വിമാന ജീവനക്കാരൻ രേഖപ്പെടുത്തിയ ഈ കുറിപ്പ് ഇതിനോടകം ചർച്ചയായി. 2025 ഒക്ടോബർ 24ന് രേഖപ്പെടുത്തിയ, വിമാനത്തിന്‍റെ ഔദ്യോഗിക ക്യാബിൻ ഡിഫെക്റ്റ് ലോഗ്ബുക്കിലാണ് ഈ കുറിപ്പ്.
വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ ഒരു യാത്രികനാണ് പാറ്റയെ കണ്ടെത്തിയത്. തുടർന്ന് ക്യാബിൻ ക്രൂ സംഭവം മെയിന്‍റനന്‍സ് ലോഗിൽ രേഖപ്പെടുത്തി. ‘യാത്രക്കാരൻ ജീവനോടെ പാറ്റയെ കണ്ടെത്തി പാറ്റയെ തൂക്കിക്കൊന്നു.’ – ഇങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നത്. പാറ്റയെ വധശിക്ഷയ്ക്കു വിധേയമാക്കണോ അതോ ചതച്ചരയ്ക്കണോ എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം. ഇന്ത്യയുടെ തിരക്കേറിയ റൂട്ടുകളിലൊന്നിൽ സഞ്ചരിക്കുന്ന വിമാനത്തിലെ ശുചിത്വത്തെക്കുറിച്ചും ചോദ്യങ്ങൾ ഇതിനോടകം ഉയരുന്നുണ്ട്. വിഷയത്തിൽ എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.





