ദുബൈ: ദുബൈയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് 6.6 ലക്ഷം ദിർഹം മോഷ്ടിച്ച് രാജ്യം വിടാൻ ശ്രമിച്ച രണ്ട് കവർച്ചക്കാരെ മണിക്കൂറുകൾക്കകം പിടികൂടി ദുബൈ പോലീസ്. ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് വിമാനം ബോർഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അതിസാഹസികമായി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മോഷണം റിപ്പോർട്ട് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചു. മോഷ്ടിക്കപ്പെട്ട പണം മുഴുവനും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.
ബർ ദുബൈ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള വിവരമനുസരിച്ച്, പ്രതികൾ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു. രാത്രി വൈകി സൂപ്പർമാർക്കറ്റിന്റെ പിൻവാതിൽ മുറിച്ച് കടന്നാണ് ഇരുവരും അകത്ത് പ്രവേശിച്ചത്. ആദ്യം 60,000 ദിർഹം അടങ്ങിയ നാല് കാഷ് ബോക്‌സുകൾ തകർത്തു. തുടർന്ന്, മെയിൻ സേഫ് തുറന്ന് അധികമായി 6 ലക്ഷം ദിർഹം കൂടി കവർന്നെടുത്ത് മുങ്ങുകയായിരുന്നു.അടുത്ത ദിവസം രാവിലെ കടയിലെത്തിയ ജീവനക്കാരാണ് മോഷണ വിവരം അധികൃതരെ അറിയിച്ചത്. ഉടൻ തന്നെ ഡ്യൂട്ടി ഓഫീസർ, ഫോറൻസിക് വിദഗ്ധർ, സി.ഐ.ഡി. ഇൻവെസ്റ്റിഗേറ്റർമാർ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പ്രതികൾ മുഖംമൂടി ധരിച്ച് ഐഡന്റിറ്റി മറച്ചുവെക്കാൻ ശ്രമിച്ചുവെങ്കിലും, ഓഫീസർമാർ നിർമ്മിത ബുദ്ധി ഉപകരണങ്ങളും, ഡാറ്റാ വിശകലനവും, ഫോറൻസിക് തെളിവുകളും ഉപയോഗിച്ച് ഇവരെ നിരീക്ഷിച്ച് തിരിച്ചറിയുകയായിരുന്നു. ബർ ദുബൈ പോലീസ് സ്റ്റേഷനും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റിയും തമ്മിലുള്ള ഏകോപനത്തിലൂടെ വിമാനം കയറുന്നതിന് തൊട്ടുമുമ്പായി വിമാനത്താവളത്തിൽ വെച്ച് പ്രതികളെ വലയിലാക്കി.
