ഡേറ്റിങ് ആപ്പ് വഴി സൗഹൃദം, യുവതിയെ ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

0
10

കോഴിക്കോട്: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി ശ്രേയസ് വീട്ടിൽ അനന്തകൃഷ്ണനെ (26) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം വണ്ടൂർ സ്വദേശിനിയായ യുവതിയെ ആണ് ഇയാൾ ഡേറ്റിങ് ആപ്പായ ബംബിൾ വഴി പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചത്. പൊറ്റമ്മലിലുള്ള ലോഡ്ജിൽ കൂട്ടിക്കൊണ്ടു പോവുകയും വിവാഹം കഴിക്കാം എന്നു വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു.

വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയ അനന്തകൃഷ്ണൻ‌ യുവതിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിയെ മെഡിക്കൽ കോളജ് പരിസരത്തു  വച്ച് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.