എഡിഎം നവീൻ ബാബുവിന്റെ മരണം: ദിവ്യയ്ക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് നൽകി കുടുംബം

0
147

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മാനനഷ്ടക്കേസ് നൽകി കുടുംബം. 65ലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സിപിഎം നേതാവ് പി.പി.ദിവ്യയ്ക്കും പ്രശാന്തനുമെതിരെ കേസ് ഫയൽ ചെയ്തത്. പത്തനംതിട്ട സബ് കോടതി രണ്ടുപേർക്കും നോട്ടിസ് അയച്ചു. ഹർജി അടുത്ത മാസം പരിഗണിക്കും. എഡിഎമ്മിനെ അഴിമതിക്കാരനായി ചിത്രീകരിച്ചെന്ന് ഹർജിയിൽ പറയുന്നു.

2024 ഒക്ടോബർ 15നു പുലർച്ചെയാണ് നവീൻ ബാബുവിനെ കണ്ണൂർ നഗരത്തിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെട്രോൾ പമ്പിന്റെ അപേക്ഷയിൽ നടപടിയെടുക്കാൻ വൈകിയതിന്റെ പേരിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അവഹേളിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യ. പരിയാരം ഗവ.മെഡിക്കൽ കോളജിൽ ഇലക്ട്രിഷ്യനായിരുന്ന ടി.വി.പ്രശാന്തന്റെ പേരിലാണു പെട്രോൾ പമ്പിന് അപേക്ഷ നൽകിയിരുന്നത്. എൻഒസി ലഭിക്കാൻ നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലി നൽകിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം.

പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിനു സഹപ്രവർത്തകർ കലക്ടറേറ്റിൽ നൽകിയ യാത്രയയപ്പു യോഗത്തിൽ ക്ഷണിക്കപ്പെടാതെയെത്തി പി.പി.ദിവ്യ ആക്ഷേപ പ്രസംഗം നടത്തിയത് ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.