സ്വീഡൻ: ലോകത്തിലെ ഏറ്റവും ചെറിയ ബിയർ പുറത്തിറക്കി ഡാനിഷ് ബിയർ കമ്പനി കാൾസ്ബെർഗ്. അകത്ത് വെറും ഒരൊറ്റ തുള്ളി മാത്രമുള്ള, അരിമണിയുടെ വലിപ്പമുള്ള ബിയർ പുറത്തിറക്കിയാണ് കാൾസ്ബെർഗ് ചർച്ചയാകുന്നത്. പെട്ടെന്നൊരു തുള്ളി മദ്യം അകത്താക്കണമെന്ന് വാശി പിടിക്കുന്ന ഒരാൾക്ക് രസകരമായ മറുപടിയുമായാണ് കാൾസ്ബെർഗ് രംഗത്തെത്തിയിരിക്കുന്നത്. വേറിട്ട ഒരു പരീക്ഷണത്തിനാണ് ഇതിലൂടെ കാൾസ്ബെർഗ് തുടക്കം കുറിച്ചിരിക്കുന്നത്.
വെറും 12 മില്ലീ മീറ്റർ മാത്രമുള്ള കുപ്പിയിൽ 0.005 മില്ലീ ലിറ്റർ ബിയർ മാത്രമാണ് ഉണ്ടാകുക. ആ ഒരു തുള്ളി നോൺ ആൽക്കഹോളിക്ക് ബിയറാകും. കുഞ്ഞൻ ബിയറിൻ്റെ ചിത്രങ്ങളും കമ്പനി ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. കുഞ്ഞൻ ബിയർ ഒരു വിരൽതുമ്പിൽ വച്ചിരിക്കുന്ന ഫോട്ടോയും സാധാരണ വലുപ്പമുള്ള ബിയർ കുപ്പിയിൽ കുഞ്ഞൻ ബിയർ എടുത്ത് വച്ചരിക്കുന്ന ഫോട്ടോയുമാണ് കാൾസ്ബെർഗ് പുറത്തുവിട്ടത്. ചിത്രങ്ങൾ എഐ ജനറേറ്റഡ് അല്ലെന്ന അറിയിപ്പും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
കൂടുതൽ ഉത്തരവാദിത്തത്തോടെയും മിതമായും മദ്യപിക്കാൻ ആളുകളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞൻ ബിയർ പുറത്തിറക്കിയിരിക്കുന്നത് എന്നാണ് കാൾസ്ബെർഗ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. പുതിയ കുപ്പി പുറത്തിറക്കുന്നതിനൊപ്പം ഒരു മത്സരത്തിനും കാൾസ്ബെർഗ് തുടക്കമിട്ടിട്ടുണ്ട്.
സ്വീഡനിലുടനീളമുള്ള വിദ്യാർഥികളോട് ഇതിലും ചെറിയ ഒരു ബിയർ സൃഷ്ടിക്കാനാണ് കാൾസ്ബെർഗിൻ്റെ വെല്ലുവിളി. ഇതിലും ചെറിയ കുപ്പി ഉണ്ടാക്കുന്ന വിജയിക്ക് 10,000 സ്വീഡിഷ് ക്രോണറും കോപ്പൻഹേഗനിലെ കാൾസ്ബെർഗ് റിസർച്ച് ലബോറട്ടറിയിൽ ഒരു പ്രത്യേക സന്ദർശനത്തിനുള്ള അവസരവും ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.





