റിയാദ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെത്തുടര്‍ന്ന് റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (RIL) പശ്ചിമേഷ്യയിലെ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമായി അടുക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഖത്തര്‍, സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങളുമായി വന്‍ കരാറുകളില്‍ ഒപ്പുവച്ചു.
അമേരിക്കയുടെ മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഏറ്റവും പുതിയ ഉപരോധങ്ങള്‍ക്ക് അനുസൃതമായി റിഫൈനറി പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു. ഉപരോധങ്ങളും നിയന്ത്രണ ചട്ടക്കൂടുകളും പാലിക്കുന്നതില്‍ കമ്പനി പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയിലും യൂറോപ്പിലേക്കുള്ള ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും യു.എസ്, യൂറോപ്യന്‍ യൂണിയന്‍, യുണൈറ്റഡ് കിംഗ്ഡം എന്നിവ പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുകയാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പറഞ്ഞു.
റഷ്യയിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) ഉല്‍പാദകരായ റോസ്‌നെഫ്റ്റ്, ലുക്കോയില്‍ എന്നിവര്‍ക്കെതിരേ ഈ മാസം 22 ന് ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അംബാനി, പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി അടുക്കുന്നത്. സൗദി അറേബ്യയിലെ ഖഫ്ജി, ഇറാഖിലെ ബസ്ര മീഡിയം, ഖത്തറിലെ അല്‍ഷഹീന്‍, യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് എന്നിവയില്‍ നിന്ന് അസംസ്‌കൃത എണ്ണ ശേഖരം വാങ്ങാന്‍ തീരുമാനിച്ചതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2025 ഡിസംബര്‍ മുതല്‍ 2026 ജനുവരി വരെയാണ് ഇവയുടെ ഡെലിവറികള്‍ പ്രതീക്ഷിക്കുന്നത്.
യു.എസ് ഉപരോധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി റിലയന്‍സ് വെട്ടിക്കുറച്ചിരുന്നു. റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഇന്ത്യന്‍ ഉപഭോക്താവാണ് റിലയന്‍സ്. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ പരിമിതപ്പെടുത്തുമെന്ന് നരേന്ദ്രമോദി ഉറപ്പുനല്‍കിയതായി കഴിഞ്ഞയാഴ്ച ട്രംപ് അറിയിച്ചിരുന്നു. റഷ്യന്‍ എണ്ണ ഇന്ത്യ ഒഴിവാക്കുമെന്ന ട്രംപിന്റെ തുടര്‍ച്ചയായ പ്രസ്താവന ശരിവയ്ക്കുന്നതായിരുന്നു റിലയന്‍സിന്റെ നടപടി. റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതോടെ യു.എസുമായുള്ള വ്യാപാര കരാറിനുള്ള പ്രധാന തടസം നീങ്ങിയിട്ടുണ്ട്.





