തിരുവന്തപുരം: പിഎം ശ്രീയിൽ നിർണായക നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിൽ ഉൾപ്പെടുന്ന സ്കൂളുകളുടെ ലിസ്റ്റ് കൈമാറില്ലെന്നും, നടപടികളിലേക്ക് കടക്കണ്ടെന്നാണ് നിലവിൽ തീരുമാനമെടുത്തിരിക്കുന്നത് എന്നും വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നു.
എന്നാൽ എസ്എസ്കെ ഫണ്ടിനായുള്ള ആദ്യഘട്ട പ്രൊപ്പോസൽ ഇന്ന് സമർപ്പിക്കും. 971 കോടി രൂപയാണ് എസ്എസ്കെയ്ക്ക് നൽകാമെന്ന് ഉറപ്പ് നൽകിയത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടാൽ തടഞ്ഞ് വച്ച വിഹിതങ്ങൾ നൽകാമെന്നായിരുന്നു കേന്ദ്ര നിലപാട്. ഒപ്പ് വച്ചതോടെ തടഞ്ഞുവച്ച ഫണ്ട് നൽകാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
പിഎം ശ്രീയിൽ സിപിഐ അവരുടെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. പദ്ധതിയെ കുറിച്ച് മുഖപത്രമായ ജനയുഗത്തിൽ രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഫാസിസ്റ്റ് അജണ്ടയ്ക്ക് വഴങ്ങിക്കൂടാ എന്ന തലക്കെട്ടോടുകൂടിയാണ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പദ്ധതിയിൽ ഒപ്പിട്ടെന്ന വാർത്ത അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമാണ് എന്നും എഡിറ്റോറിയലിൽ പറയുന്നു.
ഇടതുപക്ഷ മുന്നണിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ചുവടുമാറ്റമെന്ന വിമർശനവും ജനയുഗം ഉയർത്തുന്നുണ്ട്. സമവായത്തിൻ്റെ എല്ലാ സാധ്യതകളും അട്ടിമറിക്കുന്ന നടപടിയാണ് പദ്ധതിയിൽ ഒപ്പുവയ്ക്കുക വഴി ഉണ്ടായത്. മുന്നണി സംവിധാനത്തിൻ്റെ അടിസ്ഥാന ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് നടന്നത്. മന്ത്രിയുടെ അറിവോടുകൂടിയാണ് എന്നുള്ളത് വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു എന്നും മുഖപത്രത്തിൽ പറയുന്നു.
അതേസമയം, സിപിഐയെ അനുയിപ്പിക്കാൻ സിപിഐഎം തിരക്കിട്ട നീക്കമാണ് നടത്തുന്നത്. വിദേശ പര്യടനം കഴിഞ്ഞ് നാളെ തിരിച്ചെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. കൂടിക്കാഴ്ചയ്ക്ക് മുമ്പ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന് ഇടതുമുന്നണി യോഗം ചേർന്നേക്കും. ഈ യോഗത്തിൽ പദ്ധതിയിൽ ഒപ്പ് വെക്കാൻ ഇടയായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കും.
