പൊലീസ് സംരക്ഷണയിൽ കോടതിയിലേക്ക് കൊണ്ടുപോയ സ്ത്രീയെ ഭർത്താവ് ആക്രമിച്ചു. അടൂർ ഡിവൈഎസ്പി ഓഫിസിനു മുന്നിൽവെച്ചാണ് ആക്രമണം ഉണ്ടായത്. അടിയേറ്റു നിലത്ത് വീണ സ്ത്രീയുടെ തല പൊട്ടി. അടൂർ മൂന്നാളം സ്വദേശി വൃന്ദ വിജയനാണ് പരുക്കേറ്റത്.
കാണാതാകൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും വഴിയാണ് 24-കാരിയെ ഭർത്താവ് റോജന്‍ അടിച്ചു താഴെയിട്ടത്. വൃന്ദയെ കാണാനില്ലെന്ന് ഭര്‍ത്താവ് റോജന്‍റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. കാമുകന്‍ അനുരാഗിന്‍റെ കൂടെ പോയെന്നായിരുന്നു പരാതി.
അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയില്‍ കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് വഴിയില്‍ കാത്തുനിന്ന ഭര്‍ത്താവ് റോജന്‍ ആക്രമിച്ചത്. സംഭവ സമയത്ത് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ മാത്രമാണ് യുവതിക്കൊപ്പം ഉണ്ടായിരുന്നത്.
യുവതിയെ ഭര്‍ത്താവ് തള്ളിയിട്ടതല്ലെന്നും കയ്യിലിരുന്ന ആയുധം കൊണ്ട് ആക്രമിച്ചതാണെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് റോജനെ പിടികൂടി. ഗള്‍ഫിലായിരുന്ന റോജന്‍, ഭാര്യയെ കാണാനില്ലെന്ന വിവരം അറിഞ്ഞ് നാട്ടിലെത്തിയതാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.





