ശിരോവസ്ത്ര വിവാദം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി, സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാനില്ലെന്ന് വിദ്യാര്‍ത്ഥിനി

0
7

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തില്‍ ഹരജി തീര്‍പ്പാക്കി ഹൈക്കോടതി. വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാനില്ലെന്ന് അറിയിച്ചതെതുടര്‍ന്ന് വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു. സ്‌കൂളില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് കുട്ടിയുടെ പിതാവും കോടതിയെ അറിയിച്ചു. തുടര്‍നടപടി അവസാനിപ്പിക്കുന്നതായി സര്‍ക്കാരും വ്യക്തമാക്കി.

വിദ്യാര്‍ത്ഥിനിയെ ഉടന്‍ സ്‌കൂള്‍ മാറ്റില്ലെന്നും ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടര്‍ തീരുമാനമെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്. ഹൈക്കോടതിയില്‍ സ്‌കൂള്‍ നല്‍കിയ ഹരജിയില്‍ കുടുംബത്തെയും കക്ഷി ചേര്‍ത്തിരുന്നു. ഹരജി പരിഗണിക്കുന്നത് വരെ കുട്ടിയെ സ്‌കൂളിലേക്ക് വിടുന്നില്ല എന്നായിരുന്നു കുടുംബത്തിന്റെ തീരുമാനം.

അതേസമയം വിദ്യാര്‍ത്ഥിനിക്ക് ഏത് സ്‌കൂളിലും പ്രവേശനം നേടാന്‍ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.
കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അതിനുത്തരവാദി സ്‌കൂള്‍ മാനേജ്‌മെന്റാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ല. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണെന്നും മന്ത്രി പറഞ്ഞിരുന്നു.