ഹെൽമറ്റില്ലാതെ പോലീസുകാർക്ക് ഇടയിലൂടെ ബൈക്കിൽ യുവാക്കൾ: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാവീഴ്ച

0
18

കോട്ടയം: രാഷ്ട്രപതിയുടെ പാലായിലെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. വാഹന നിയന്ത്രണം ഏർപ്പെടുത്തിയ റോഡിലേക്ക് മൂന്നു യുവാക്കൾ ബൈക്കിലെത്തി. ബൈക്കിന്റെ മുന്നിലുണ്ടായിരുന്ന ആൾക്കു മാത്രമാണ് ഹെൽമെറ്റ് ഉണ്ടായിരുന്നത്. പൊലീസ് തടയാൻ ശ്രമിക്കുന്നതും, യുവാക്കൾ പൊലീസുകാർക്കിടയിലൂടെ പാഞ്ഞു പോകുന്നതും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിലുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് ജില്ലയിൽ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. രാഷ്ട്രപതി സന്ദർശിക്കുന്ന സ്ഥലങ്ങളെ 5 സോണുകളായി തിരിച്ച് 2 ഡിഐജിമാരുടെ നേതൃത്വത്തിൽ 7 ജില്ലാ പൊലീസ് മേധാവികൾക്കായിരുന്നു സുരക്ഷാച്ചുമതല. 1500ഓളം സായുധ പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി എത്തിച്ചിരുന്നത്. ഇതിൽ 200 ഓളം പേർ മഫ്തിയിലുണ്ടായിരുന്നു. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി കോട്ടയത്തെത്തിയത്. കുമരകത്താണ് രാഷ്ട്രപതി താമസിച്ചത്.

കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പാലായിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പാലാ– ഏറ്റുമാനൂർ റോഡിൽ പാലാ ജനറൽ ആശുപത്രി ജംക്‌ഷനും മുത്തോലിക്കും ഇടയിൽ കർശന നിയന്ത്രണമാണ് ഉണ്ടായിരുന്നത്. ഇതു വഴി പോകേണ്ട വാഹനങ്ങൾ വഴി തിരിച്ചു വിട്ടിരുന്നു. ഇതിനിടയിലാണ് യുവാക്കൾ നിയന്ത്രണം ലംഘിച്ച് ബൈക്കിലെത്തിയത്.