തിരുവനന്തപുരം: പാർട്ടിയുടെ എതിർപ്പ് തള്ളി കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിക്കെതിരെ കടുത്ത തീരുമാനങ്ങളിലേക്ക് സി പി ഐ കടക്കുന്നുവെന്ന് സൂചന. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്.
വിഷയം എൽ ഡി എഫ് ചർച്ച ചെയ്യുമെന്ന സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സി പി ഐയിലെ പൊതുവികാരം. മുന്നണി മര്യാദ ലംഘിച്ചത് ആയുധ മാക്കിയുള്ള പോരിനാണ് പാർട്ടി തയ്യാറെടുക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചനയിലാണ്. സി പി എം ദേശീയ നേതൃത്തെ എതിർപ്പ് അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇടത് പാർട്ടികളുട കെട്ടുറപ്പിനെ തകർക്കുന്ന നടപടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അറിയിക്കും
ദേശീയ നേതൃത്വത്തിന്‍റെ ഇടപെടൽ തേടാൻ സി പി ഐ
പി എം ശ്രീ പദ്ധതി അംഗീകരിക്കുന്ന സർക്കാർ നിലപാടിനെതിരെ ദേശീയ നേതൃത്വത്തെ മുൻനിർത്തിയുള്ള എതിർപ്പാകും സി പി ഐ ഉയർത്തുക. ഇന്ന് ചേരുന്ന സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റിൽ നിലവിൽ വിഷയം അജണ്ടയിൽ ഇല്ലെങ്കിലും ചർച്ച ഉയരുമെന്നാണ് സൂചന. വിഷയം കേന്ദ്ര നേതൃത്വം ചർച്ച ചെയ്യാൻ പോകുന്നെ ഉള്ളൂ എന്ന് സന്തോഷ് കുമാർ എം പി നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സി പി എം നിലപാട് വിശദീകരിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം
സി പി ഐയുടെ കടുത്ത എതിർപ്പിനെ വകവെക്കാതെയാണ് കേരളം പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. ഇന്നലെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ് എസ് കെ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. മൂന്ന് തവണ മന്ത്രിസഭയിലടക്കം സി പി ഐ എതിർപ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോൾ ചേർന്നിരിക്കുന്നത്. ഇതാണ് സി പി ഐ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാൻ കാരണം.





