ലൈംഗികാരോപണം; ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്ന ആവശ്യവുമായി വേടന്‍ ഹൈക്കോടതിയിൽ

0
64

കൊച്ചി: ലൈംഗികാരോപണക്കേസിൽ ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റാപ്പർ വേടന്‍ ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം സെഷന്‍സ് കോടതിയുടെ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വേടൻ ഹര്‍ജി സമർപ്പിച്ചത്.

കേരളത്തിന് പുറത്ത് പോകാന്‍ വേടന് സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നില്ല. ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകണമെന്നാണ് ആവശ്യം. ഗവേഷക വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന കേസിലെ മുന്‍കൂര്‍ ജാമ്യത്തിലാണ് വ്യവസ്ഥ.

അതേ സമയം കേസിൽ പരാതിക്കാരിയ്ക്ക് അയച്ച നോട്ടീസ് പിൻവലിക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു എറണാകുളം സെൻട്രൽ പൊലീസ് പരാതിക്കാരിക്ക് നോട്ടീസയച്ചത്. എന്നാൽ പൊലീസ് അയച്ച നോട്ടീസിനെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വ്യക്തിവിവരങ്ങൾ പുറത്തറിയാൻ കാരണമാകുമെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് നോട്ടീസ് പിൻവലിച്ചത്.

വേടനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് അന്വേഷണം വഴിമുട്ടിയ സ്ഥിതിയാണ്. പരാതിക്കാരിയുടെ മൊഴിയില്ലാതെ അന്വേഷണം തുടരാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് എറണാകുളം സെൻട്രൽ പൊലീസ് വേടനെതിരെ കേസെടുത്തത്. ഗവേഷക വിദ്യാർഥി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലായിരുന്നു കേസ്. കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി വേടൻ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു പരാതി. കേസിൽ വേടനെ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു.