റെയില്‍വേ ട്രാക്കില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ 15 വയസ്സുകാരന്‍ ട്രെയിനിടിച്ച് മരിച്ചു

0
63

പുരി: റെയില്‍വേ ട്രാക്കില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ 15 വയസ്സുകാരന്‍ ട്രെയിനിടിച്ച് മരിച്ചു. ഒഡീഷയിലെ പുരിയിലെ ജനക്‌ദേവ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ്‌ സംഭവം. മംഗളഘട്ട് സ്വദേശിയായ വിശ്വജീത് സാഹു അമ്മയോടൊപ്പം ദക്ഷിണകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരികെ വരുമ്പോഴാണ് അപകടം.

സോഷ്യല്‍ മീഡിയില്‍ പങ്കുവയ്ക്കാന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാനാണ് കുട്ടി റെയില്‍വേ ട്രാക്കിന് സമീപം നിന്നത്. എതിര്‍ദിശയില്‍നിന്ന് ട്രെയിന്‍ വരുന്നതിനിടെ സാഹു സ്വയം വീഡിയോ പകര്‍ത്തുകയായിരുന്നു. ട്രെയിന്‍ സാഹുവിന്റെ ശരീരത്തില്‍ തട്ടുകയും പിന്നാലെ ഫോണ്‍ വീഴുന്നതുമാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഒഡീഷ റെയില്‍വേ പോലീസ് (ജിആര്‍പി) സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

റീല്‍ ചിത്രീകരിക്കുന്നതിനിടെ അപകടമുണ്ടായി മരിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്‌. ഓഗസ്റ്റ് മാസത്തില്‍ ഒഡീഷയില്‍ ദുദുമ വെള്ളച്ചാട്ടത്തില്‍ റില്‍ ചിത്രീകരിക്കുന്നതിനിടെ സാഗര്‍ എന്ന 22-കാരന്‍ കൊല്ലപ്പെട്ടിരുന്നു. യൂട്യൂബ് ചാനലിനായി ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വീഡിയോകള്‍ പകര്‍ത്തുമ്പോഴാണ് അപകടം സംഭവിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് മച്ചകുണ്ഡ ഡാമില്‍നിന്ന് അധികൃതര്‍ വെള്ളം തുറന്നുവിട്ടതോടെ  പെട്ടെന്നുണ്ടായ കുത്തൊഴുക്കിലാണ് സാഗര്‍ ഒഴുകിപ്പോയി.