തൃശൂർ: ചാലക്കുടി പുഴയോരത്തെ മണൽപരപ്പിൽ സൂപ്പർ താരം ലിയോണൽ മെസിയുടെ ചിത്രം തീർത്ത് ആരാധക കൂട്ടായ്മ. തങ്ങളുടെ ജെഴ്സികൾ ഉപയോഗിച്ച് രണ്ട് മണിക്കൂർ സമയമെടുത്താണ് ഇവർ പ്രിയപ്പെട്ട താരത്തിന്റെ ചിത്രം ഒരുക്കിയത്. ചാലക്കുടി അന്നനാട് ഐഎസ്‌വി ഫുട്ബോൾ അക്കാദമിയും ഒരു കൂട്ടം വനിത ഫുട്ബോൾ താരങ്ങളും ചേർന്നാണ് മെസിയോടുള്ള സ്നേഹം വേറിട്ട രീതിയിൽ അവതരിപ്പിച്ചത്.
350 ചതുരശ്ര അടി വലിപ്പത്തിൽ 500 ജേഴ്സികൾ ഉപയോഗിച്ചാണ് ചിത്രം തീർത്തത്. അന്നനടയിൽ 1991 മുതൽ പ്രവർത്തിക്കുന്ന ഇണ്ണുനീലി വായനശാലക്ക് കീഴിലാണ് നാല് വർഷം മുൻപ് ഐഎസ്‌വി ഫുട്ബോൾ അക്കാദമി സ്ഥാപിതമായത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് തുടങ്ങിയ അക്കാദമായിലൂടെ പന്ത് തട്ടിയ നിരവധിപ്പേർ ഇതിനോടകം ദേശീയ – സംസ്ഥാന താരങ്ങളായി വളർന്നു കഴിഞ്ഞു. ഐഎസ്‌വി അക്കാദമിയുടെ താരങ്ങളിൽ ഭൂരിഭാഗവുമാകട്ടെ കടുത്ത മെസി ആരാധകരും. ഈ ആരാധനയാണ് കൂറ്റൻ ജെഴ്സി ചിത്രത്തിന് പിന്നിലെ കാരണം
തൃശൂർ ഫൈൻ ആട്സ് കോളജിലെ വിദ്യാർഥികളായ ലിജോയും ഷാരോണും ചേർന്നാണ് ചിത്രം രൂപകൽപ്പന ചെയ്തത്. മുൻ രാജ്യാന്തര ഫുട്ബോൾ താരം സി.വി. സീനയുടെ നേതൃത്വത്തിൽ അക്കാദമിയുടെ താരങ്ങളായ അഞ്ജനയും ജിസ്മരിയയും ഹൃദ്യയും അന്വനയുമെല്ലാം ഇതിനായി കൈകോർത്തു. അക്കാദമി താരങ്ങളുടെ സ്വന്തം ജെഴ്സികൾ കൂടി ചിത്രത്തിനായി ഉപയോഗിക്കാൻ തീരുമാനിച്ചതോടെ ആവേശം ഇരട്ടിച്ചു.
അന്നനാട് ഹയർ സെക്കണ്ടറി സ്കൂളിൽ ഐഎസ്‌വി അക്കാദമി കഴിഞ്ഞ ദിവസം ഒരു പരിശീന ക്യാംമ്പ് സംഘടിപ്പിച്ചിരുന്നു. 90 കുട്ടികൾ പങ്കെടുത്ത ക്യാമ്പിന്റെ ഭാഗമായാണ് മെസിയുടെ ജെഴ്സി ചിത്രം ഒരുക്കാൻ തീരുമാനിച്ചത്. ക്യാമ്പ് പോലെ തന്നെ മെസിയുടെ ചിത്രവും ഹിറ്റായതോടെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ് അക്കാദമി ഭാരവാഹികളും താരങ്ങളും.
