രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയിൽ; ക്രമീകരണങ്ങളിൽ മാറ്റം

0
16

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമലയിൽ ദർശനം നടത്തും. ഇന്ന് രാവിലെ 9.10 ന് രാജ് ഭവനിൽ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി ഹെലികോപ്ടറിലാണ് ശബരിമലയിലേക്ക് പോകുക. പമ്പയിൽ നിന്ന് പ്രത്യേക വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് തിരിക്കുക. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും.

11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിന്‍റെ ഉപഹാരമായി കുമ്പിളിന്‍റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം നൽകും. രാഷ്ട്രപതി ദർശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീർത്ഥാടകർക്ക് നിലയ്ക്കലിനപ്പുറം പ്രവേശനമില്ല. ഒക്ടോബര്‍ 24നാണ് രാഷ്ട്രപതി തിരിച്ച് ദില്ലിക്ക് മടങ്ങുക. അതേസമയം, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് രാഷ്ട്രപതിയുടെ ശബരിമല യാത്രയിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരിക്കും ഹെലികോപ്ടര്‍ ഇറങ്ങുക. നേരത്തെ നിലയ്ക്കലിൽ ഹെലികോപ്ടര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. രാവിലെ ഒമ്പതിന് പ്രമാടത്ത് ഇറങ്ങി റോഡ് മാര്‍ഗമായിരിക്കും പമ്പയിലേക്ക് പോവുക.