സ്കൂളില്‍ പോയില്ല, അഞ്ചാംക്ലാസുകാരനെ പിവിസി പൈപ്പ് കൊണ്ട് നിഷ്കരുണം മര്‍ദിച്ച് പ്രിന്‍സിപ്പലും ക്ലാസ് ടീച്ചറും

0
20

ബംഗളൂരു: രണ്ട് ദിവസം സ്കൂളില്‍ അവധിയായതിനാല്‍ അഞ്ചാംക്ലാസുകാരെ പ്രിന്‍സിപ്പല്‍ പിവിസി പൈപ്പ് കൊണ്ടടിച്ചതായി പരാതി. കര്‍ണാടകയിലെ സുങ്കടകട്ടെയിലെ പൈപ്പ്‌ലൈൻ റോഡിലുള്ള ന്യൂ സെന്റ് മേരീസ് പബ്ലിക് സ്‌കൂളിലെ പ്രിൻസിപ്പൽ രാകേഷ് കുമാർ, സ്‌കൂൾ ഉടമ വിജയ് കുമാർ, അധ്യാപിക ചന്ദ്രിക എന്നിവർക്കെതിരെ കുട്ടിയുടെ രക്ഷിതാവ് പരാതി നല്‍കി. ഈ മാസം 14 നാണ് സംഭവം നടന്നതെന്നാണ് മാതാവ് ദിവ്യ പറയുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി മകൻ ആ സ്കൂളിൽ പഠിക്കുന്നുണ്ടെന്നും ഫീസ് കൃത്യമായി നൽകുന്നുണ്ടെന്നും ദിവ്യ പരാതിയിൽ പറയുന്നു. “രാകേഷ് കുമാർ പ്ലാസ്റ്റിക് പിവിസി പൈപ്പ് ഉപയോഗിച്ച് എന്റെ മകനെ നിഷ്കരുണം അടിച്ചു, ശക്തിയായി അടിച്ചതിന്‍റെ ഫലമായി ആ ഭാഗത്ത് രക്തം കട്ടപിടിക്കുകയും മുറിവുണ്ടാകുകയും ചെയ്തു. അടി കിട്ടാതിരിക്കാന്‍ ഓടിമാറിയ കുട്ടിയെ ക്ലാസ് ടീച്ചര്‍ ചന്ദ്രിക പിടിച്ചുവെക്കുകയും വീണ്ടും ആക്രമിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു.

സംഭവസമയത്ത് അവിടെയുണ്ടായിരുന്ന സ്കൂള്‍ ഉടമ വിജയ് കുമാർ കുട്ടിയെ അടിക്കുന്നത് തുടരാൻ പ്രിൻസിപ്പലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തോടെ കുട്ടിക്ക് ശാരീരികവും മാനസികവുമായി ആഴത്തില്‍ മുറിവേറ്റെന്നും മാതാവ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് ചോദിക്കാന്‍ ചെന്നപ്പോള്‍ ഞങ്ങളുടെ സ്കൂളിലെ വിദ്യാര്‍ഥികളെ ഇങ്ങനെയാണ് ശിക്ഷിക്കുന്നതെന്നും അതില്‍ ഇടപെടരുതെന്നും അധികൃതര്‍ ഭീഷണിപ്പെടുത്തി ഈ സംഭവത്തില്‍ ഇടപെട്ടാല്‍ ഇതേവിധി നിങ്ങള്‍ക്കുമുണ്ടാകുമെന്നും അതല്ലെങ്കില്‍ കുട്ടിയെ ടിസി വാങ്ങി കൊണ്ടുപോകേണ്ടിവരുമെന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

സംഭവത്തിന് ശേഷം എന്റെ മകനെക്കുറിച്ച് അന്വേഷിക്കാൻ മാനേജ്‌മെന്റ് ഒരിക്കൽ പോലും വിളിച്ചിട്ടില്ലെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. “എന്റെ മകൻ ലഹരിവസ്തുക്കൾ കഴിച്ചതായാണ് അവര്‍ ആരോപിക്കുന്നത്. അങ്ങനെയെങ്കിൽ, എന്റെ മകന് വേണ്ടി അവർ ഒരു മെഡിക്കൽ പരിശോധന നടത്തട്ടെ. അവരുടെ തെറ്റുകള്‍ മറക്കാന്‍ എന്‍റെ മകനെ തെറ്റുകാരനാക്കുകയാണെന്നും മാതാവ് പറഞ്ഞു.