ശബരിമല സ്വര്‍ണക്കൊള്ള: സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി

0
17

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ സ്വമേധയാ പുതിയ കേസെടുക്കുമെന്ന് ഹൈക്കോടതി. എസ്ഐടി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമുള്ള ഇടക്കാല ഉത്തരവിലാണ് നിർദേശം. നിലവിലെ കേസിലെ ചില കക്ഷികളെ ഒഴിവാക്കിയായിരിക്കും പുതിയ കേസെടുക്കുക.

കൃത്യമായ കക്ഷികളെ മാത്രം ഉൾപ്പെടുത്തിയാണ് പുതിയ കേസെടുക്കുക. ഗൂഡാലോചന അടക്കമുളള എല്ലാവശങ്ങളും പരിശോധിക്കാനാണ് കോടതി നീക്കം. അടച്ചിട്ട മുറികളിലാണ് കോടതി വാ​ദം കേട്ടത്. ശബരിമല സ്വർണക്കൊളളയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ദേവസ്വം ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് നടന്നത്. കേസ് നവംബർ 15ന് പരിഗണിക്കാനായി മാറ്റി.

ജസ്റ്റിസുമാരായ രാജ വിജയരാഘവൻ വി, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. കോടതി നടപടികൾ അടച്ചിട്ട മുറിയിലാണ് നടക്കുകയെന്നത് കഴിഞ്ഞദിവസമാണ് കോടതി രജിസ്ട്രി അറിയിച്ചത്. അതുകൊണ്ടുതന്നെ വാദം നടക്കുന്നിടത്തേക്ക് പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമുണ്ടായില്ല.

കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഒപ്പം വിഷയം സെൻസേഷണലൈസ് ചെയ്യുന്നതിൽ മാധ്യമങ്ങൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. അന്വേഷണത്തിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

ശബരിമല സന്നിധാനത്ത് നടന്നത് സ്വർണക്കവർച്ച തന്നെയാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണം കവർന്നതെന്നും ഹൈക്കോടതിയിൽ നൽകിയ അന്വേഷണ പുരോഗതി റിപ്പോ‍ർട്ടിൽ എസ്ഐടി അറിയിച്ചു.

കേസിൽ ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. 1998ൽ ദ്വാരപാലക ശിൽപങ്ങൾ അടക്കം വിജയ് മല്യ സ്വർണം പൊതിഞ്ഞാണ് നൽകിയതെന്നും ഇതിനുപകരം സ്വർണം പൂശി നൽകിയാൽ പിടിക്കപ്പെടില്ലെന്നുമുളള കണക്കുകൂട്ടലിലാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റുചെയ്തെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.