പോലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി, കുപ്രസിദ്ധ ഗുണ്ടയെ ആശുപത്രിയിൽ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി

0
15

ഹൈദരാബാദ്: പോലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ ആശുപത്രിയിൽ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി തെലങ്കാന പൊലീസ്. ഷെയ്ഖ് റിയാസ് എന്ന ഗുണ്ടയാണ് കൊല്ലപ്പെട്ടത്. നിസാമാബാദിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്തു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വെടിവച്ചു കൊലപ്പെടുത്തിയത്.

പൊലീസ് കോൺസ്റ്റബിളായ പ്രമോദിനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായിരുന്നു ഷെയ്ഖ് റിയാസ്. ശനിയാഴ്ചയാണ് ഇയാൾ കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയത്. റിയാസിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഇതിനു പിന്നാലെ മറ്റൊരാളുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിസാമാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇയാൾ വീണ്ടും പൊലീസിനെ ആക്രമിച്ചു. ഒരു പൊലീസുകാരന്റെ തോക്ക് തട്ടിപ്പറിച്ച പ്രതി വെടിയുതിർക്കാൻ ശ്രമിച്ചു. തുടർന്നുള്ള ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെടുകയായിരുന്നു. 

ഷെയ്ഖ് റിയാസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കാര്യം തെലങ്കാന ഡിജിപി ശിവധർ റെഡ്ഡി സ്ഥിരീകരിച്ചു. പൊലീസിനെ അഭിനന്ദിച്ച അദ്ദേഹം, ഏറ്റുമുട്ടലിന്റെ നടപടിക്രമമായി അന്വേഷണമുണ്ടാകുമെന്നും വ്യക്തമാക്കി. 2019ൽ ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവം വിവാദമായിരുന്നു. ഈ കേസിൽ സുപ്രീംകോടതി നിയോഗിച്ച സമിതി അന്വേഷണം നടത്തുകയാണ്.