മുംബൈ: നവിമുംബൈയിലെ വാഷിയില്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. വാഷിയിലെ സെക്ടര്‍ 17ല്‍ എംജി കോംപ്ലക്‌സിലെ റഹേജ റസിഡന്‍സിയുടെ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 12.40നാണ് ആദ്യം തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണു പ്രാഥമിക നിഗമനം.
തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണന്‍ (44), ഭാര്യ പൂജ രാജന്‍(39), മകള്‍ വേദിക(6) എന്നിവരാണ് മരിച്ച മലയാളികള്‍. അപ്പാര്‍ട്‌മെന്റിന്റെ 10, 11, 12 നിലകളിലാണ് തീപിടിത്തം ഉണ്ടായത്. 10ാം നിലയില്‍ നിന്നായിരുന്നു തുടക്കം. പിന്നീട് അത് മുകള്‍നിലകളിലേക്കു പടരുകയായിരുന്നു. വേദികയും കുടുംബവും 12ാം നിലയിലാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ നാലുമണിയോടെ തീയണയ്ക്കാനായി.
മരിച്ചവരില്‍ കമല ഹിരാല്‍ ജെയിന്‍(84) എന്നയാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മുംബൈയിലെ കഫെ പരേഡ് മേഖലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 15 വയസ്സുകാരന്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.