വീട്ടിൽ അതിക്രമിച്ച് കയറി 17 കാരനേയും അച്ഛനേയും ആക്രമിച്ച കേസ്; ‘ഡ്യൂക്ക് പ്രവീണ്‍’ അറസ്റ്റിൽ

0
17

തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി അച്ഛനേയും 17 വയസുകാരനായ മകനെയും ആക്രമിച്ച കേസില്‍ സ്റ്റഷന്‍ റൗഡിയായ ഡ്യൂക്ക് പ്രവീണ്‍ എന്നറിയപ്പെടുന്ന പ്രവീണിനെ (28) തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 17ന് വൈകുന്നേരം മണവലശേരി താണിശേരി ദേശത്ത് രാജീവ് ഗാന്ധി ഉന്നിതിയില്‍ കറുപ്പംവീട്ടില്‍ വീട്ടില്‍ നാസറിന്റെ വീട്ടിലേക്ക് പ്രതി മാരകായുധമായി അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് 17 വയസുകാരനായ പ്രായപൂര്‍ത്തിയാത്ത മകനെ മര്‍ദിക്കുകയും മരവടി കൊണ്ട് ആക്രമിക്കുകയും ഇത് കണ്ട് തടയാന്‍ ചെന്ന നാസറിന്റെ കൈ പിടിച്ച് തിരിച്ച് തള്ളി താഴെയിടുകയും ചെയ്തു.

പ്രവീണ്‍ ഇരിങ്ങാലക്കുട, കാട്ടൂര്‍, മാള, കൊരട്ടി, വലപ്പാട്, കണ്ണൂര്‍ ടൗണ്‍, വിയ്യൂര്‍ പൊലീസ് സ്റ്റേഷനുകളിലായി നാല് വധശ്രമകേസുകളിലും, മൂന്ന് അടിപിടി കേസിലും, ഒരു കഞ്ചാവ് കേസിലും, ഒരു കവര്‍ച്ച കേസിലും അടക്കം 15 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കൂടാതെ 2021 ലും 2023 ലും കാപ്പ നിയമപ്രകാരം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജു, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ. ജിനേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ബാബു ജോര്‍ജ്, സബീഷ്, തുളസീദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ധനേഷ്, മിഥുന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.