ലൊസാഞ്ചലസ്: യുണൈറ്റഡ് എയർലൈൻ ബോയിങ് 737 മാക്സ് 8 വിമാനം വിൻഡ് ഷീൽഡ് തകർന്നതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. ഡെൻവറിൽ നിന്ന് ലൊസാഞ്ചലസിലേയ്ക്ക് പറന്നുയർന്ന വിമാനമാണ് അടിയന്തരമായി സാൾട്ട് ലേക്ക് സിറ്റിയിൽ ലാൻഡ് ചെയ്തത്. അപകടത്തിൽ പൈലറ്റിന് പരുക്കേറ്റു. 134 യാത്രക്കാരും 6 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. 36,000 അടി ഉയരത്തിൽ എത്തിയപ്പോൾ വിമാനത്തിൽ അജ്ഞാത വസ്തു ഇടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അജ്ഞാത വസ്തു വിൻഡ് ഷീൽഡിലൂടെ ഇടിച്ചു കയറി പൈലറ്റിന് പരുക്കേൽക്കുകയും ചെയ്തു. കൈകളിൽ നിന്ന് രക്തം പൊടിയുന്ന പൈലറ്റിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡാഷ്‌ബോർഡിലും കോക്ക്പിറ്റിലും തകർന്ന ഗ്ലാസ് വീണു കിടക്കുന്നതും ചിത്രങ്ങളിൽ കാണാം. അപകടകാരണം വ്യക്തമല്ല.