തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മധുര സ്വദേശിയായ പ്രതിയെ മധുരയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് തിരുവനന്തപുരം ഡിസിപി ടി. ഫറാഷ് പറഞ്ഞു. വാഹനം കേന്ദ്രീകരിച്ചാണ് പ്രതിയിലേക്ക് എത്തിയത്. സാഹസികമായി പ്രതിയെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം ഡിസിപി പറഞ്ഞു.
“പ്രതിയെ പിടികൂടാൻ തമിഴ്നാട് പൊലീസിന്റെ സഹായം ലഭിച്ചു. പേര് വിവരങ്ങൾ തിരിച്ചറിയൽ നടപടി കഴിഞ്ഞതിനുശേഷം പുറത്തുവിടും. പതിനേഴാം തീയതി പുലർച്ചെയാണ് പരാതി ലഭിച്ചത്. പ്രതിയെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. അജ്ഞാതൻ എന്നായിരുന്നു യുവതിയുടെ മൊഴി. അതിക്രമം നടന്ന സ്ഥലത്തെ സിസിടി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇനിയും കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ട്. പ്രദേശത്ത്സ കൂടുതൽ സുരക്ഷ ഉറപ്പാക്കും”, ഡിസിപി.
പതിനേഴാം തീയതിയാണ് ഐടി ജീവനക്കാരിയായ 25കാരിയെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമുള്ള ഹോസ്റ്റൽ മുറിയിലായിരുന്നു സംഭവം നടന്നത്. അതിക്രമിച്ച് കയറിയ അജ്ഞാതൻ ഉപദ്രവിക്കുകയും പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെടുകയും ചെയ്തു. പെൺകുട്ടി പൊലീസിൽ വിവരമറിയിച്ചതിന് പിന്നാലെ കഴക്കൂട്ടം എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.